അന്ധതയെ തോല്‍പിച്ച കാര്‍ത്തികക്ക് പ്ളസ് ടുവിന് നൂറില്‍ നൂറ്

കോട്ടയം: അന്ധതയെ കീഴടക്കി സാധാരണ സ്കൂളില്‍നിന്ന് പ്ളസ് ടു പരീക്ഷയെഴുതിയ കാര്‍ത്തികക്ക് എല്ലാവിഷയത്തിനും ഫുള്‍മാര്‍ക്ക്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ കാര്‍ത്തിക ഹ്യുമാനിറ്റീസില്‍ എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും എ പ്ളസും നേടിയാണ്  ഇരട്ടിമധുരം സ്വന്തമാക്കിയത്. ഇതേ സ്കൂളില്‍ പഠിക്കുന്ന പ്ളസ് വണ്‍ വിദ്യാര്‍ഥിനി ഗായത്രിയുടെ സഹായത്തോടെയാണ് പ്ളസ് ടു പരീക്ഷയെഴുതിയത്. ഇത്തവണ അറുനൂറില്‍ അറുനൂറും നേടിയാണ് വിയത്തിളക്കം. പ്ളസ് വണ്ണിന് പതിനഞ്ച് മാര്‍ക്കിന്‍െറ നേരിയ വ്യത്യാസത്തിലാണ്  നൂറുശതമാനം വഴിമാറിയത്. കലാരംഗത്തും വൈദഗ്ധ്യം തെളിയിച്ച കാര്‍ത്തികക്ക് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദമെടുക്കാനാണ് ആഗ്രഹം. സ്പെഷല്‍ സ്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതം, കഥരചന, പദ്യപാരായണം ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ മികവു പുലര്‍ത്തിയിട്ടുണ്ട്.

കഥരചനയില്‍ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ അസുഖത്തത്തെുടര്‍ന്ന് കാഴ്ച നഷ്ടമായി. തുടര്‍ന്ന് നാലുമുതല്‍ പഠനം ഒളശ അന്ധവിദ്യാലയത്തിലേക്ക് മാറ്റി. ബ്രെയ്ലി ലിപിയുടെ സഹായത്തോടെയായിരുന്നു പഠനം. എട്ടുമുതല്‍ പത്താം ക്ളാസുവരെ കാരാപ്പുഴ എന്‍.എസ്.എസ് ഹൈസ്കൂളില്‍ പഠിച്ചു. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയുടെ സഹായത്തോടെ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി എല്ലാ വിഷയത്തിനും എ പ്ളസും നേടിയിരുന്നു.

കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്‍െറ സഹായത്തോടെ കേട്ടുപഠിക്കുന്ന രീതിയാണ് കാര്‍ത്തിക പിന്തുടര്‍ന്നത്. പാഠഭാഗങ്ങള്‍ പെന്‍ഡ്രൈവിലാക്കി സഹായിക്കാന്‍ സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നിരുന്നു. കാരാപ്പുഴ തൃക്കാര്‍ത്തിക വീട്ടിലാണ് താമസം.  പാലക്കാട്ട് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടറും കോട്ടയം സ്വദേശിയുമായ എം.ബി. ജയചന്ദ്രനാണ് പിതാവ്. കോട്ടയം ശാസ്ത്രി റോഡില്‍ ഓയില്‍ വ്യാപാരം നടത്തുന്ന ശ്യാമയാണ് മാതാവ്. ഏക സഹോദരന്‍ ജയകൃഷ്ണന്‍ ഇല്ലിക്കല്‍ ചിന്മയ വിദ്യാലയം ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.