മെത്രാന്‍കായല്‍ മോഡല്‍ വീണ്ടും; സ്വകാര്യ മീഡിയസിറ്റിക്ക് 27 ഏക്കറിന് ഭൂപരിധിനിയമത്തില്‍ ഇളവ്

തിരുവനന്തപുരം: സ്വകാര്യസംരംഭമായ കൊച്ചി മീഡിയസിറ്റിയുടെ 27 ഏക്കറില്‍ ഭൂപരിധിനിയമത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കൊച്ചി കടവന്ത്ര എ.വി.എം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വാങ്ങുന്ന ഭൂമിക്കാണ് ഇളവ്. വൈക്കം ചെമ്പില്‍ ടൗണ്‍ഷിപ് പദ്ധതിക്കായി 150 ഏക്കര്‍ വയല്‍ നികത്താന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കിയതിനുപിന്നാലെയാണ് മീഡിയസിറ്റിക്ക് ഇളവനുവദിച്ച് ഫെബ്രുവരി രണ്ടിന് ഉത്തരവിറക്കിയത്. പദ്ധതി നടപ്പാക്കുംമുമ്പ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്ന് കലക്ടര്‍ ഉറപ്പുവരുത്തണം.

സംരംഭങ്ങളുടെ പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് ഭൂപരിധിയില്‍ ഇളവ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊച്ചി മണീട് വില്ളേജില്‍ മാധ്യമസംരംഭം ആരംഭിക്കാന്‍ കമ്പനി വാങ്ങുന്ന ഭൂമിക്ക് കേരള ഭൂപരിഷ്കരണ വകുപ്പ് എട്ട് (മൂന്ന്)(ബി) പ്രകാരം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജിങ് ഡയറക്ടര്‍ 2014 സെപ്റ്റംബര്‍ നാലിനാണ് എറണാകുളം കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. 2015 ഫെബ്രുവരി 18ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും മാര്‍ച്ച് 27നും മേയ് 15നും കലക്ടര്‍ക്കും ഇതുസംബന്ധിച്ച് കമ്പനി കത്ത് നല്‍കിയിരുന്നെന്ന് ഉത്തരവിന്‍െറ റഫറന്‍സില്‍ വ്യക്തമാക്കുന്നു. സന്തോഷ് മാധവന്‍െറയും കടമക്കുടിയിലെയും ഭൂമിക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ സര്‍വേ നമ്പര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇവിടെ വാങ്ങാന്‍പോകുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ 26.81 ഏക്കര്‍ഭൂമിയാണെന്ന് രേഖപ്പെടുത്തുമ്പോഴും അത് നെല്‍വയലാണോ തണ്ണീര്‍ത്തടമാണോയെന്ന് ഉത്തരവ് വെളിപ്പെടുത്തുന്നുമില്ല.

500പേര്‍ക്ക് നേരിട്ടും 1000ത്തോളം പേര്‍ക്ക് അനുബന്ധമായും ആദ്യഘട്ടം തൊഴില്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇന്ത്യയിലും വിദേശത്തും സിനിമനിര്‍മാണം, ഫിലിം സിറ്റി, ടെലിവിഷന്‍ ചാനലുകള്‍, മീഡിയ സിറ്റി, കണ്‍സള്‍ട്ടന്‍സി എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കും. അതില്‍ 5000ത്തിലധികംപേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുമെന്നാണ് കമ്പനി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. മെത്രാന്‍കായല്‍ നികത്താന്‍ അനുമതി നല്‍കിയതുപോലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ചാണ് ഈ ഉത്തരവും പുറത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.