പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ചകള്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പ്രതിബന്ധമാകും

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ചകള്‍ പ്രതിബന്ധമാകും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ചകളാണ് സര്‍ക്കാറിനും അന്വേഷണസംഘത്തിനും ഒരുപോലെ കുരുക്കായി മാറുന്നത്. പി.ജി വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന ആരോപണം നിലനില്‍ക്കെതന്നെ, പോസ്റ്റ്മോര്‍ട്ട നടപടികള്‍ വിഡിയോ കാമറയില്‍ പകര്‍ത്തിയില്ളെന്നതാണ് കൂടുതല്‍ കുരുക്കായി മാറുക. പ്രമാദസംഭവങ്ങളില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തേണ്ടതുണ്ട്. കോടതിയില്‍ അന്വേഷണസംഘത്തിന്‍െറ വാദങ്ങള്‍ സ്ഥാപിക്കുന്നതിന് ഇത് പ്രബല തെളിവായി മാറാറുമുണ്ട്. എന്നാല്‍, ജിഷയുടെ പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തിയില്ളെന്നത് സര്‍ക്കാറും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിയമജ്ഞരും ഗൗരവമുള്ള വിഷയമായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇത് വിഡിയോയില്‍ പകര്‍ത്താതിരുന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കൊച്ചിയില്‍ പറഞ്ഞു. ഇതോടൊപ്പം, ആംനസ്റ്റിപോലുള്ള സംഘടനകളും വിഷയത്തില്‍ ഇടപെടുന്നുണ്ട്. ഇവരും പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്താതിരുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ജിഷയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഇതോടൊപ്പം, ആന്തരാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതവും മരണകാരണമായിട്ടുണ്ട്. മൃതദേഹത്തില്‍ പുറത്ത് കടിയേറ്റ പാടുകളുമുണ്ടായിരുന്നു. കൊലപാതകത്തിനുമുമ്പ് പിടിവലി നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.ജിഷയുടെ ശരീരത്തില്‍ കണ്ടത്തെിയ 38 മുറിവുകളില്‍ 28 എണ്ണവും മല്‍പിടിത്തത്തിന്‍െറ ഫലമായി ഉണ്ടായതാണെന്നാണ് നിഗമനം. ഇരുതോളിലും മാറിടങ്ങളിലും ഇങ്ങനെ മല്‍പിടിത്തത്തിന്‍െറ ഭാഗമായുള്ള മുറിവടയാളങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഓരോ മുറിവിന്‍െറയും ആഴവും വലുപ്പവും വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.