ജിഷയുടെ കൊല:പ്രതികളെക്കുറിച്ച് സൂചനയില്ല; അന്വേഷണം വിപുലമാക്കി

പെരുമ്പാവൂര്‍: കൊടും ക്രൂരതക്കിരയായി ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും ഘാതകരെപ്പറ്റി സൂചനയില്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ചിത്രം  പൊലീസിന് മുന്നിലില്ല.

28 പേരടങ്ങുന്ന സംഘത്തെ എട്ടായി തിരിച്ച്  അന്വേഷണത്തിന് വൈവിധ്യം വരുത്തിയെന്നതാണ് വ്യാഴാഴ്ചയുണ്ടായ പ്രധാന സംഭവം. ഐ.ജി മഹിപാല്‍ യാദവിന്‍െറ മേല്‍നോട്ടത്തിലാണ് അന്വേഷണം. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എ. അനില്‍കുമാറിനെ അന്വേഷണ ചുമതലയില്‍ നിന്നുമാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജിജിമോന്‍െറ നേതൃത്വത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് എട്ട് ടീമായി തിരിച്ചു. അന്വേഷണ പുരോഗതിയുടെ ഏകോപനം വ്യാഴാഴ്ച മുതല്‍ ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രക്കാണ്. വ്യാഴാഴ്ചയാണ് പൊലീസ് ക്രിയാത്മക നടപടിയിലേക്ക് നീങ്ങിയത്.  

അയല്‍ക്കാരെയും അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച അന്വേഷണമാണ് ഒരു ടീമിന് നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നടക്കം കസ്റ്റഡിയിലെടുത്തവരെ കേസുമായി ബന്ധിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിരലടയാളവും മറ്റ് തെളിവുകളുമായി ഇവരെ കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവ് നശിപ്പിക്കപ്പെടുകയും ഫോറന്‍സിക് ഡോക്ടര്‍ അടക്കമുള്ളവരെ എത്തിച്ച് ‘സീല്‍ വിസിറ്റ്’ നടത്താതിരിക്കുകയും ചെയ്തതാണ് കാര്യങ്ങള്‍ വഷളാക്കിയത്. കോടതിയില്‍ കേസ് നിലനില്‍ക്കാന്‍  അനിവാര്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രാഥമികമായി  പൊലീസ് പരാജയപ്പെട്ടന്നാണ് വിലയിരുത്തല്‍. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാവാത്തത് ഇതുകൊണ്ടാണ്.

ഇനി പ്രതിയെ അറസ്റ്റ് ചെയ്താല്‍ തന്നെ കേസ് ദുര്‍ബലമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടത് ദലിത് വിദ്യാര്‍ഥിനിയായിരിക്കെ ആര്‍.ഡി.ഒയുടെ ഇന്‍ക്വസ്റ്റ് തയാറാക്കണമെന്നതടക്കമുള്ള ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു. മൃതദേഹം ദഹിപ്പിക്കുന്നതിന് പൊലീസ് മുന്‍കൈയെടുത്തതോടെ റീപോസ്റ്റ്മോര്‍ട്ടം വേണ്ടിവന്നാല്‍ നടക്കാത്ത സാഹചര്യവുമായി. പൊലീസിനും പ്രദേശത്തുള്ള ചിലര്‍ക്കെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയില്ല. ഇവ പരിശോധന നടത്താതെ നേരിട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു പൊലീസ്. ആരോപണം ശക്തമായതോടെ വ്യാഴാഴ്ച ഇവ  കോടതിയില്‍നിന്ന്  തിരിച്ചുവാങ്ങി.
അതിനിടെ പൊലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് മുക്കിയെന്ന ആരോപണവും ഉയര്‍ന്നു. ജിഷയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമണം നടത്തിയതായി ഇന്‍ക്വസ്റ്റില്‍ പറഞ്ഞിരുന്നു. പ്രതിക്ക് കടുത്ത വൈരാഗ്യമുണ്ടായിരുന്നു എന്ന് തോന്നുമാറ് മൂക്കും മാറിടവും ചത്തെിമാറ്റി. ലൈംഗീകപീഡനത്തിന് ശേഷം വയറ്റില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്തതായി ഇന്‍ക്വസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ഇന്‍ക്വസ്റ്റ് മുക്കിയെന്നാണ് ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.