ജിഷയുടെ കൊലപാതകം: പൊലീസിന്‍െറ വീഴ്ച തിരിച്ചടിയായി

പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളിയെ സംബന്ധിച്ച് അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് തയാറാക്കിയ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്‍െറ ആദ്യ അന്വേഷണത്തില്‍, ജിഷയുടെ അയല്‍വാസിയായ സ്ത്രീ ഒരാള്‍ മതില്‍ ചാടി ഓടുന്നത് കണ്ടിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാചിത്രത്തിന് കണ്ണൂരില്‍നിന്ന് പിടിയിലായ അയല്‍വാസിയുമായി സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരെ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഇയാളെ വിട്ടയച്ചിട്ടില്ല. ജിഷയുടെ വീട്ടില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച വിരലടയാളം ഇയാളുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇയാളെ ആറുമണിക്കൂറിലേറെ ആലുവ റൂറല്‍ ജില്ലാ പൊലീസ് ക്ളബില്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെങ്കിലും പൊരുത്തപ്പെടുന്ന തെളിവൊന്നും ലഭിച്ചില്ളെന്നാണ് സൂചന. മന:സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. സംഭവം നടന്ന് ഏഴുനാള്‍ പിന്നിട്ടിട്ടും നിര്‍ണായക തുമ്പുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ അന്വേഷണം ശരിയായ രീതിയില്‍തന്നെയാണോ മുന്നോട്ടുപോകുന്നത് എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. സംഭവം ആദ്യം അന്വേഷിച്ച കുറുപ്പംപടി പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പട്ടികജാതി-വര്‍ഗ പീഡന നിരോധ നിയമം ബാധകമായിട്ടും നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ല.

ഇത്തരമൊരു ദാരുണസംഭവം നടന്നിട്ട് കലക്ടറെയും ആര്‍.ഡി.ഒയെയും അറിയിച്ചില്ല. ദലിത് ആക്രമണങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.