ജിഷയുടെ കൊല: പെരുമ്പാവൂര്‍ പ്രക്ഷുബ്ധമാവുന്നു

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് ചൂടില്‍ ഉരുകുന്ന സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുനിര്‍ത്തി പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം രാഷ്ട്രീയ പ്രചാരണായുധമാകുന്നു. ദാരുണമായി കൊല ചെയ്യപ്പെട്ട വിവരം ആദ്യം മറച്ചുവെക്കപ്പെട്ടെങ്കിലും വിവരങ്ങള്‍ പുറത്തുവന്നതോടെ കേരളമാകെ ഞെട്ടിത്തരിച്ച സംഭവത്തിന് അപ്രതീക്ഷിത രാഷ്ട്രീയ മാനമാണ് കൈവന്നത്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം പെരുമ്പാവൂരിലത്തെിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിലും വന്‍ ചലനങ്ങളുണ്ടാക്കി. ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജിഷയുടെ അമ്മയെ പെരുമ്പാവൂരില്‍ സന്ദര്‍ശിച്ചത്. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പെരുമ്പാവൂരിലത്തെി ജിഷയുടെ മാതാവിനെ കണ്ട് മടങ്ങി. മുഖ്യമന്ത്രിക്കെതിരെ വി.എസ് രൂക്ഷ വിമര്‍ശം നടത്തിയപ്പോള്‍ കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പെരുമ്പാവൂരില്‍ ഉറപ്പുനല്‍കി. ചൊവ്വാഴ്ച പെരുമ്പാവൂരിലത്തെിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഇടത് യുവജന സംഘടനകള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, ജിഷയുടെ മാതാവിനെ കാണാനാവാതെ അദ്ദേഹം മടങ്ങി.

തെരഞ്ഞെടുപ്പ് കാലത്ത് വിഷയം  പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു ആഭ്യന്തരമന്ത്രി മടങ്ങിയത്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പെരുമ്പാവൂരിലത്തെിയപ്പോഴും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ബുധനാഴ്ച ജിഷയുടെ മാതാവിനെ കാണാന്‍ വി.ഐ.പി സന്ദര്‍ശകരത്തെിയത്. അതേസമയം, പെരുമ്പാവൂരില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായ സംഘടനകളെല്ലാം കടുത്ത പ്രതിഷേധവുമായി തെരുവിലാണ്. എല്‍.ഡി.എഫ്, എന്‍.ഡി.എ എന്നിവക്ക് പുറമെ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകള്‍ ബുധനാഴ്ച പ്രകടനം നടത്തി പ്രതിഷേധം അറിയിച്ചു. പെരുമ്പാവൂരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പെരുമ്പാവൂരിന് പുറത്തും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എതിരാളികള്‍ ഈ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതോടെ ജിഷ കൊലക്കേസില്‍ തുമ്പു കണ്ടത്തെുകയെന്നത് സര്‍ക്കാറിന് ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണായകമാണ്.

സര്‍ക്കാറും പൊലീസും അനാസ്ഥ കാട്ടി –വി.എസ്
തിരുവനന്തപുരം: പെരുമ്പാവൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതില്‍ സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കൂലിവേല ചെയ്ത് മകളെ എം.എയും എല്‍എല്‍.ബിയുംവരെ പഠിപ്പിച്ച മാതാവിന്‍െറ ദു$ഖം കണ്ടാല്‍ സഹിക്കാനാവില്ല. ഡല്‍ഹി പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് ഈ കുട്ടിക്കുനേരെയുണ്ടായത്. എന്നിട്ടും അന്വേഷണത്തില്‍ ജാഗ്രത കാട്ടാത്ത പൊലീസ് നിലപാടിനെതിരെ എല്ലാ സ്ത്രീകളും ശബ്ദമുയര്‍ത്തണമെന്ന് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വര്‍ക്കലയില്‍ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവും പുറത്തുവന്നു. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ സൗകര്യമുണ്ടാക്കി. ആരെയെങ്കിലും കണ്ടുപിടിച്ച് കൊലയാളിയെന്ന് പ്രഖ്യാപിച്ച് ബലിയാടാക്കുന്ന നടപടിയാണ് പൊലീസിന്‍േറതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയവത്കരിക്കുന്നത് ഖേദകരം –മുഖ്യമന്ത്രി
പാലക്കാട്: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം ഇടതുപക്ഷം രാഷ്ട്രീയവത്കരിക്കുന്നത് ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടുവായൂരിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മതിയായ ശിക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കര്‍ശനമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഷൊര്‍ണൂരിലെ സൗമ്യയുടെ മരണത്തിന് കാരണക്കാരനായ ഗോവിന്ദചാമിയെ കണ്ടത്തെി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പിന് അപമാനം –കെ.ഡി.എ.എഫ്
കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ അരുംകൊല സാംസ്കാരിക കേരളത്തിനും ആഭ്യന്തരവകുപ്പിനും അപമാനകരമാണെന്ന് കേരള ദലിത് ആദിവാസി ഫെഡറേഷന്‍ (കെ.ഡി.എ.എഫ്) സംസ്ഥാന പ്രസിഡന്‍റ് കെ.പി.സി. കുട്ടി മാസ്റ്റര്‍.  ഇത്തരം ഹീന പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ളെങ്കില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ വരുംനാളുകളില്‍ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നടന്‍ കലാഭവന്‍ മണിയുടെ കൊലപാതകത്തിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതടക്കം ദലിതര്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ സബര്‍മതി ജയശങ്കര്‍, സി.കെ. കുമാരന്‍, പള്ളിച്ചല്‍ സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

ഉത്തരവാദി സര്‍ക്കാറെന്ന്
തിരുവനന്തപുരം: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പാവപ്പെട്ട ദലിത് വിദ്യാര്‍ഥിനി ദാരുണമായി കൊലചെയ്യപ്പെടാന്‍ കാരണം സുരക്ഷിതമായ വീട് ഇല്ലാതെ പോയതാണെന്ന് സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി. പാവപ്പെട്ട കുടുംബത്തിന് വസ്തുവും വീടും നല്‍കാന്‍ നിയമം നിലനില്‍ക്കുമ്പോള്‍ അത് നല്‍കാതെ ഇപ്പോള്‍ വീടും ലക്ഷങ്ങളും നല്‍കുമെന്ന് പയുന്ന മന്ത്രിമാരാണ് ഈ അരുംകൊലക്ക് ഉത്തരവാദികള്‍. പ്രസിഡന്‍റ് സി.എ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ആറ്റിങ്ങല്‍ ശ്രീധരന്‍, പി.കെ. സോമന്‍, വാര്യത്ത് പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

അന്വേഷണം ഊര്‍ജിതമാക്കണം–മന്ത്രി ജയലക്ഷ്മി
തിരുവനന്തപുരം: പെരുമ്പാവൂര്‍ സ്വദേശിനിയും ദലിത് വിഭാഗത്തില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനിയുമായ ജിഷയുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി എസ്.സി-എസ്.ടി കമീഷന്‍ ചെയര്‍മാന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുവരുന്നുണ്ട്. പട്ടികജാതി-വര്‍ഗ കമീഷനും സ്വമേധയാ കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്രമസമാധാനം തകര്‍ന്നു –ഐ.എന്‍.എല്‍
കോഴിക്കോട്: പെരുമ്പാവൂരില്‍ ദലിത്  നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടിട്ട്  അഞ്ചു  ദിവസമായിട്ടും പ്രതികളെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്തത്  ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുന്നു എന്നതിന്‍െറ തെളിവാണെന്ന്   ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി  അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം വീട്ടില്‍പോലും സുരക്ഷിതമായി കഴിയാന്‍ യു.ഡി.എഫ്  ഭരണത്തില്‍ സാധിക്കാത്ത അവസ്ഥയാണ്.  

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അപലപിച്ചു
കോഴിക്കോട്: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അപലപിച്ചു. കുറ്റം ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും കേസ് വലിച്ചുനീട്ടി നിയമം നിയമത്തിന്‍െറ വഴിക്ക് എന്ന പതിവുപല്ലവിയില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും നിയമം നീതിയുടെ വഴിക്കുതന്നെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗരൂകരാകണമെന്നും യോഗം ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറുകള്‍ നിലനില്‍ക്കുന്നിടത്തോളംകാലം ഇത്തരം പൈശാചിക സംഭവങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തുറന്നുകാട്ടുന്നതാണ് സംഭവം. ജിഷയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. കെ.കെ. ഫാത്തിമ സുഹറ, ആര്‍.സി. സാബിറ, കെ. സഫിയ എന്നിവര്‍ സംസാരിച്ചു.


സര്‍ക്കാര്‍ ഉണര്‍ന്നില്ളെങ്കില്‍ പ്രക്ഷോഭം –എസ്.ക്യു.ആര്‍. ഇല്യാസ്
പെരുമ്പാവൂര്‍: വീട്ടില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ലാത്ത അവസ്ഥ കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും വെച്ചു പൊറുപ്പിക്കാനാവില്ളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.  സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ളെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ദലിത് യുവതിയുടെ വീട്ടിലും, യുവതിയുടെ മാതാവ് ചികിത്സയിലുള്ള താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയ അദ്ദേഹത്തോടൊപ്പം ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം എന്നിവരുമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി, സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, സ്ഥാനാര്‍ഥി തോമസ് കെ. ജോര്‍ജ്, പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറി പി.എ. സിദ്ദീഖ്, ചെയര്‍മാന്‍ റഫീക്ക്, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇ. ബാവകുഞ്ഞ്, ഗിരീഷ് കാവാട്ട്, ഇക്ബാല്‍ കരുമക്കാട്ട് എന്നിവര്‍ നേതാക്കളെ അനുഗമിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.