ജിഷയുടെ ശരീരത്തിൽ 38 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജ് സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. പീഡിപ്പിക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. ആന്തരികാവയവ പരിശോധനക്ക് ശേഷമേ പീഡനം നടന്നോയെന്ന് സ്ഥിരീകരിക്കാനാവൂ. സാംപിളുകൾ പരിശോധനക്ക് അയച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ വീഴ്ചവന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഒരോ മുറിവിന്‍റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.  അക്രമം നടന്ന ദിവസം െപണ്‍കുട്ടിയുടെ വീടിന് പുറത്തു കണ്ട ആളുടെ ചിത്രമാണ് ദൃക്‌സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയത്. ജിഷയുടെ വീടിന് സമീപത്തെ പന്തല്‍ നിര്‍മാണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.

അക്രമം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിന് പുറത്ത് മഞ്ഞ ഷര്‍ട്ട് ധരിച്ചയാളെ കണ്ടിരുന്നെന്നും കനാല്‍ വഴിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. ഈ വ്യക്തിയെ തന്നെ അയല്‍വാസിയായ സ്ത്രീ കണ്ടതായും മൊഴിയുണ്ട്. ഈ രണ്ടു മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്ന മുപ്പത്തഞ്ചുകാരന്‍  ലഹരി മരുന്ന് കേസില്‍ മുമ്പ് പിടിക്കപ്പെട്ടയാളാണ്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

അതേസമയം, സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. കേന്ദ്രനീതി വകുപ്പ് മന്ത്രി പെരുമ്പാവൂർ സന്ദർശിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.