പെരുമ്പാവൂര്‍ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്‍െറ ബന്ധുവിലേക്ക്

പെരുമ്പാവൂര്‍: കുറുപ്പുംപടിയിൽ പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പഞ്ചായത്തംഗത്തിന്‍റെ ബന്ധുവിലേക്ക് നീളുന്നു. പെണ്‍കുട്ടിയുടെ അമ്മ ഇയാള്‍ക്കെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി.

ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിച്ചത്. ഇതിനുശേഷം മൂന്ന്് മാസം മുമ്പാണ് ജിഷയുടെ അമ്മക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് പേര്‍ അമ്മയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വീട്ടുജോലിക്കാരിയായ രാജേശ്വരി തിരിച്ചുവരുന്ന സമയത്ത് വീടിന് സമീപത്ത് കാത്തുനിന്ന പ്രതികൾ മന:പൂർവം ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ ജിഷയും അക്രമികളുമായി വാക്കുതർക്കം ഉണ്ടായി. ബൈക്കിന്‍റെ താക്കോൽ ജിഷ ഊരിയെടുക്കുകയും അമ്മയെ ആശുപത്രിയിലെത്തിച്ച ശേഷമേ താക്കോൽ തിരിച്ചുനൽകൂ എന്ന് പറഞ്ഞിരുന്നതായും ജിഷയുടെ അമ്മായി ലൈല പറഞ്ഞു. അന്ന് നാട്ടുകാർ ഇടപെട്ട് താക്കോൽ അക്രമികൾക്ക് തിരിച്ചു നൽകുകയായിരുന്നു.

ഇതേക്കുറിച്ചും പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെന്നും സ്വീകരിച്ചില്ല. അമ്മയേയും മകളേയും കൊലപ്പെടുത്തിയാൽ പോലും തങ്ങളെ ആരും ചേദ്യം ചെയ്യില്ലെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മ ജോലിക്ക് പോകുമ്പോൾ വീട്ടിൽ തനിയെയായിരുന്ന മകൾക്ക് കാമറ ഘടിപ്പിച്ച പേന അമ്മ വാങ്ങിനൽകിയിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠ മാത്രമാണുണ്ടായിരുന്നതെന്നും ഇത് മാനസിക രോഗമായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും ലൈല പറഞ്ഞു.

നിരാലംബരായ രണ്ട് സ്ത്രീകൾ നൽകിയ പരാതികളിലെല്ലാം പൊലീസ് പ്രകടിപ്പിച്ച അലംഭാവമാണ് അക്രമികൾക്ക് കരുത്തു നൽകിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ജിഷയുടെ സഹോദരീ ഭർത്താവായിരുന്നയാളെയും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയുമായി ബന്ധം വേർപ്പെടുത്തിയിരുന്ന ഇയാളിൽ നിന്നും ജിഷക്ക് ഭീഷണി നേരിടേണ്ടി വന്നിരുന്നതായും പറയപ്പെടുന്നു.

അതേസമയം, സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും കേസ് മധ്യമേഖല ഐ.ജി മഹിപാൽ യാദവ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരൻ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.