ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസ് എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു –വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 അഴിമതിക്കേസ് ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ അഴിമതിക്ക് മരുന്ന് ‘അഴി’മതി. മുഖ്യമന്ത്രിയുടെ കാരുണ്യത്തില്‍ ജോലി ലഭിച്ച് വിരമിച്ച ജഡ്ജിയാണ് അദ്ദേഹത്തിനെതിരെ കേസില്ളെന്ന് വിളിച്ചുപറഞ്ഞതെന്നും വി.എസ് ഫേസ്ബുക് പേജില്‍ കുറിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പ്രസംഗം വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് വി.എസിന്‍െറ മറുപടി.
ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. ഈ പ്രശ്നം ഇപ്പോള്‍ കോടതിയുടെ മുന്നിലായതിനാല്‍ വിശദാംശങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കും. ലോകായുക്തയുടെ വെബ്സൈറ്റില്‍ മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും അഴിമതികള്‍ക്കെതിരെ 47 കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന വിവരാവകാശരേഖ തനിക്ക് ലഭിച്ചിട്ടുണ്ട്. വിവരം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രമുഖന്‍ ലോകായുക്തയെ വിരട്ടി. മുഖ്യമന്ത്രിയുടെ കാരുണ്യത്തില്‍ ജോലി കിട്ടിയ, വിരമിച്ച ജഡ്ജി ഒരു കൂസലും കൂടാതെ ലോകായുക്തയില്‍ കേസൊന്നും ഇല്ളെന്ന് വിളിച്ചുപറഞ്ഞു.
കേസിന്‍െറ കാര്യം പറയുമ്പോള്‍ എഫ്.ഐ.ആറിന്‍െറ കാര്യവുമായി വരുന്ന കലാപരിപാടിയാണ് ഉമ്മന്‍ ചാണ്ടിക്ക്. എഫ്.ഐ.ആര്‍ ഇടേണ്ട പൊലീസുകാരും വിജിലന്‍സ് ഉദ്യോഗസ്ഥരും താങ്കളുടെ മുന്നില്‍ നട്ടെല്ല് പണയം വെച്ചിരിക്കുകയാണെന്ന് ജനത്തിനറിയാം. ടൈറ്റാനിയം കേസില്‍ എഫ്.ഐ.ആര്‍ ഇടാനുള്ള വിലക്ക് ഹൈകോടതി നീക്കിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ ചെയ്തിട്ടില്ല. പാറ്റൂര്‍ ഫ്ളാറ്റ് കുംഭകോണത്തില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി നല്‍കിയ കേസുകള്‍ ആഭ്യന്തരമന്ത്രിയും വിജിലന്‍സ് ഡയറക്ടറും കൂടിയാണ് നീട്ടുന്നത്. ബംഗളൂരു ജില്ലാ കോടതിയില്‍ 1.60 കോടി രൂപയുടെ റവന്യൂ റിക്കവറി സ്യൂട്ട് ഇല്ളേയെന്നും വി.എസ് ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.