തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ അന്തിമ ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണുള്ളത്. നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കും മെരുങ്ങാതെ ഒമ്പത്  മണ്ഡലങ്ങളില്‍ യു.ഡി.എഫ് വിമതര്‍. പ്രധാന സ്ഥാനാര്‍ഥികളെ കെണിയില്‍ വീഴ്ത്താന്‍ അപരന്മാരും നിരവധി.  109  വനിതകള്‍. 2011ല്‍ 971 സ്ഥാനാര്‍ഥികളായിരുന്നെങ്കില്‍ ഇക്കുറി 232പേര്‍ കൂടുതലാണ്.

കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്; 145. കുറവ് വയനാട്ടില്‍- 29. 1647 പത്രികകളാണ് ആകെ ലഭിച്ചത്. ബാക്കി പിന്‍വലിക്കുകയോ തള്ളുകയോ ചെയ്തു. ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണത്തേത്.  തിരുവനന്തപുരം 135 (109) , കൊല്ലം 88 (76), പത്തനംതിട്ട 37 (40), ആലപ്പുഴ 75 (62), കോട്ടയം 82 (59), ഇടുക്കി 41 (41), എറണാകുളം 124 (107), തൃശൂര്‍ 100 (84), പാലക്കാട് 94 (75), മലപ്പുറം 145 (97), കോഴിക്കോട് 120 (97), വയനാട് 29 (17), കണ്ണൂര്‍ 87 (71), കാസര്‍കോട് 46 (36). കൂടുതല്‍ പേര്‍ പൂഞ്ഞാറിലാണ് -17.

കുട്ടനാട്, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, കൊച്ചി, ഇടുക്കിയിലെ ദേവികുളം, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് വിമതര്‍. വിമതരെ  പിന്‍വലിപ്പിക്കാന്‍അവസാന നിമിഷം വരെ  പ്രമുഖ നേതാക്കള്‍ അടക്കം നടത്തിയ നീക്കങ്ങള്‍ വിലപ്പോയില്ല. ഇടതുമുന്നണിക്കും  എന്‍.ഡി.എക്കും കാര്യമായ വിമതരില്ല. അതേസമയം മിക്ക ജില്ലയിലും പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരുണ്ട്. മുമ്പ് ആലപ്പുഴയില്‍ വി.എം. സുധീരന്‍െറ അടക്കം പരാജയത്തിന് അപരന്മാര്‍ വഴിയൊരുക്കിയതാണ് വ്യാപക അപര പരീക്ഷണത്തിന് പാര്‍ട്ടികളെ പ്രേരിപ്പിച്ചത്. അതേസമയം അപരന്മാരെ വേണ്ടെന്നുവെച്ച് ആരോഗ്യകരമായ മത്സരത്തിന് തയാറെടുത്ത സ്ഥാനാര്‍ഥികളുമുണ്ട്.

കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് മത്സരിക്കുന്ന ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്, ഡൊമനിക് പ്രസന്‍േറഷന്‍ മത്സരിക്കുന്ന കൊച്ചിയില്‍ കെ.ജെ. ലീനസ്,  കേരള കോണ്‍ഗ്രസ് എമ്മിലെ ജേക്കബ് എബ്രഹാം മത്സരിക്കുന്ന കുട്ടനാട്ടില്‍ ജോസ് കോയിപ്പള്ളി, ഏറ്റുമാനൂരില്‍ തോമസ് ചാഴികാടനെതിരെ ജോസ്മോന്‍, എ.കെ. മണി മത്സരിക്കുന്ന ദേവികുളത്ത് സി.കെ. ഗോവിന്ദന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.  കണ്ണൂരില്‍ നാല് മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് വിമതര്‍. അഴീക്കോട് മുസ്ലിം ലീഗിലെ കെ.എം.

ഷാജിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിലെ പി.കെ. രാഗേഷ് ഇവിടെ മത്സരരംഗത്തുണ്ട്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്കെതിരെ സത്താര്‍, മന്ത്രി കെ.സി. ജോസഫിനെതിരെ ഇരിക്കൂരില്‍ രംഗത്തുള്ള സേവ് കോണ്‍ഗ്രസിന്‍െറ ബിനോയ് തോമസ്, സിറ്റിങ് എം.എല്‍.എ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ കെ.ജെ. ജോസഫ് എന്നിവരാണ് മറ്റ് വിമതര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.