ഉഷ്ണതരംഗം രണ്ട് ദിവസം കൂടി; അഞ്ചു ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി

തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് മൂലമുണ്ടാകുന്ന ഉഷ്ണതരംഗം കേരളത്തിൽ രണ്ട് ദിവസം കൂടി തുടരും. സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം മേയ് മൂന്നു വരെയും കോഴിക്കോട് മേയ് എട്ടു വരെയും കണ്ണൂർ മേയ് ഒമ്പതു വരെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മേയ് 20 വരെയുമാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊരിവെയിലത്തും ക്ലാസ്സുകൾക്കും മറ്റുമായി കുട്ടികൾ എത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും തുറന്ന് പ്രവർത്തിക്കുവാനോ സ്പെഷ്യൽ ക്ലാസ്സുകളോ ട്യൂഷൻ ക്ലാസ്സുകളോ മറ്റോ സഘടിപ്പിക്കുവാനോ പാടില്ല. മേയ് എട്ടിനു ശേഷം ക്ലാസ്സുകൾ നടത്തുന്ന കാര്യത്തിൽ അന്നത്തെ സ്ഥിതിഗതികൾ പുനരവലോകനം ചെയ്ത് പുതിയ ഉത്തരവ് നൽകും. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായനടപടി സ്വീകരിക്കുന്നതാണെന്നും കലക്ടർ പി. പ്രശാന്ത് അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ 04952371400 എന്ന നമ്പറിൽ അറിയിക്കണം.

പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 40 ഡിഗ്രിയോ അതിലധികമോ ആയി ഉയർന്നേക്കും. പകൽ 11 മണി മുതൽ ഉച്ചക്ക് മൂന്നു മണിവരെ നേരിട്ട് വെയിൽകൊള്ളുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറത്തിറങ്ങുന്നവർ കുടക്കൊപ്പം കുടിവെള്ളം കൂടി കരുതണം. ആശുപത്രികൾ ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, മേയ് രണ്ടു മുതൽ തെക്കൻ കേരളത്തിൽ എറണാകുളം വരെ പരക്കെ മഴ ലഭിക്കും. മേയ് അഞ്ചോടെ സംസ്ഥാന വ്യാപകമായി ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.