കാട്ടാനയെ കല്ലെറിഞ്ഞവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെയും കുട്ടിയാനയെയും ആക്രമിച്ച് കാര്‍ യാത്രക്കാരുടെ സംഘം. ദേശീയപാതക്കരികില്‍ മേയുകയായിരുന്ന ആനകളെ പ്രകോപനമൊന്നുമില്ലാതെ ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് ഉപദ്രവിച്ച സംഭവത്തില്‍ വനം വന്യജീവി വകുപ്പ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വനം വന്യജീവി സംരക്ഷണനിയമം 1972 ഒമ്പതാംവകുപ്പ് പ്രകാരം കാട്ടാനയെ വേട്ടയാടിയെന്ന കുറ്റംചുമത്തിയാണ് മുത്തങ്ങ റെയ്ഞ്ച് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്. കാറില്‍ സഞ്ചരിച്ച നാല് യുവാക്കളെ വനംവകുപ്പ് അന്വേഷിച്ച് വരികയാണ്.
ദു$ഖവെള്ളി ദിവസം വൈകീട്ട് ദേശീയപാത 212ല്‍ പൊന്‍കുഴിക്കും തകരപ്പാടിക്കും ഇടയിലാണ് സംഭവം. ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെയോ യാത്രക്കാരെയോ ഗൗനിക്കാതെ കാട്ടാനയും കുട്ടിയാനയും ഇവിടെ മേയുകയായിരുന്നു. ഈ സമയം മൈസൂര്‍ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് മാരുതി കാറിലത്തെിയ സംഘമാണ് കാട്ടാനയെ കല്ളെറിഞ്ഞ് ഉപദ്രവിച്ചത്. ഏറുകൊണ്ട ആന ഒന്നിലധികം തവണ ചിന്നംവിളിച്ചടുത്തു. എന്നിട്ടും, വീണ്ടും വീണ്ടും ആനക്ക് നേരെ കല്ളെറിയുകയായിരുന്നു ഇവര്‍. ആന ആക്രമിക്കുമെന്ന് വന്നതോടെ യുവാക്കള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ സമയമത്തെിയ മറ്റ് വാഹനങ്ങള്‍ക്കുനേരെ ആന തിരിയാതിരുന്നതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വനംവകുപ്പിന്‍െറ അന്വേഷണം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഏതെന്ന് വനംവകുപ്പിന്‍െറ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വനത്തിലൂടെ കടന്നുപോകുന്ന പാതയില്‍ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കര്‍ശനനിര്‍ദേശം വനംവകുപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇതൊന്നും വകവെക്കാതെയാണ് ചിലര്‍ മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത്. വന്യമൃഗങ്ങളെ കാണുമ്പോള്‍ പലരും സെല്‍ഫിയെടുക്കാന്‍ തിടുക്കംകൂട്ടുകയും ബഹളംവെക്കുകയും ചെയ്യുമ്പോള്‍ അവ ആക്രമണകാരികളാവുന്നതും പതിവാണ്. ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത് വയനാട്ടില്‍ സ്ഥിരംസംഭവമായി മാറിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് വനംവകുപ്പ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.