ഹജ്ജ് സര്‍വിസ്: കരിപ്പൂരിനോട് ഇരട്ടത്താപ്പ്

മലപ്പുറം: ഹജ്ജ് സര്‍വിസുമായി ബന്ധപ്പെട്ട് കരിപ്പൂരിനോട് വ്യോമയാന മന്ത്രാലയത്തിന്‍െറ ഇരട്ടത്താപ്പ്. റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ കരിപ്പൂരില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് മാറ്റിയ മന്ത്രാലയം റീകാര്‍പ്പറ്റിങ് പ്രവൃത്തി നടക്കുന്ന മറ്റു വിമാനത്താവളങ്ങളില്‍ മാറ്റം വരുത്തിയില്ല. അഹമ്മദാബാദ്, ഭോപ്പാല്‍, ഗയ വിമാനത്താവളങ്ങളിലാണ് റീകാര്‍പ്പറ്റിങ് പ്രവൃത്തി നടക്കുന്നതിനാല്‍ പകല്‍ റണ്‍വേ അടച്ചിടുന്നത്. ഇവിടെ നിന്നെല്ലാം ഹജ്ജ് സര്‍വിസിന് അനുമതി നല്‍കിയ അധികൃതര്‍ കരിപ്പൂരില്‍ റണ്‍വേ നവീകരണം അവസാന ഘട്ടത്തിലത്തെിയിട്ടും അനുമതി നല്‍കാന്‍ തയാറായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടും വിഷയം പരിഗണിച്ചിട്ടില്ല. 2850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ നവീകരണം നടക്കുന്നതിനാല്‍ 2,400 മീറ്ററാണ് നിലവില്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ള 450 മീറ്ററിലായിരുന്നു ഗുരുതര പ്രശ്നങ്ങളുള്ളതായി സെന്‍ട്രല്‍ റോഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും അതോറിറ്റിയുടെ സാങ്കേതിക വിഭാഗവും കണ്ടത്തെിയത്. ഈ ഭാഗമടക്കം ബലപ്പെടുത്തുകയും റണ്‍വേ പൂര്‍ണമായി രണ്ട് പാളികളായി ടാറിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ നാലിന് റണ്‍വേ പൂര്‍ണമായി തുറന്ന് കൊടുക്കുകയും ചെയ്യും.
റണ്‍വേയുടെ ബലം വര്‍ധിച്ചിട്ടുണ്ടെങ്കിലും നീളം കുറവുള്ളത് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് ഭീഷണിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഹജ്ജ് ക്യാമ്പ് ഈ വര്‍ഷവും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയേക്കും
കരിപ്പൂര്‍: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ എംബാര്‍ക്കേഷന്‍ പോയന്‍റായി നെടുമ്പാശ്ശേരിയെ നിശ്ചയിച്ചതോടെ ഹജ്ജ് ക്യാമ്പും അവിടേക്ക് മാറ്റേണ്ടി വരും. അതേസമയം, എംബാര്‍ക്കേഷന്‍ പോയന്‍റായി നെടുമ്പാശ്ശേരിയെ നിശ്ചയിച്ചത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഒൗദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് മടക്കം. നെടുമ്പാശ്ശേരിയില്‍നിന്ന് ജിദ്ദയിലേക്കും തിരിച്ച് മദീനയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും വരുന്ന രീതിയിലാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. സൗദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷം ടെന്‍ഡര്‍ ലഭിച്ചതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയായിരുന്നു കേരളത്തില്‍ നിന്നുള്ള സര്‍വിസ് നടത്തിയത്. സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പുറമെ കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് തീര്‍ഥാടനത്തിന് പുറപ്പെടുക. ആയിരത്തോളം പേര്‍ക്കുള്ള താമസം, ഹജ്ജ് സെല്‍, ഭക്ഷണഹാള്‍, വിമാന കമ്പനിയുടെ ഓഫിസ് എന്നിവക്കാണ് സ്ഥലം ഒരുക്കേണ്ടത്. കഴിഞ്ഞ വര്‍ഷം സിയാലിന്‍െറ വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിലായിരുന്നു ക്യാമ്പ് പ്രവര്‍ത്തിച്ചത്. ഈ വര്‍ഷവും ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറുകയാണെങ്കില്‍ ഈ സ്ഥലത്തിനായിരിക്കും മുന്‍ഗണന.

ഹജ്ജ്: കാത്തിരിപ്പ് പട്ടികയില്‍ ഇത്തവണ സീറ്റ് കുറയും
കരിപ്പൂര്‍: സംസ്ഥാനത്ത് ഹജ്ജ് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ വര്‍ഷം സീറ്റ് കുറയും. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ 500ഓളം സീറ്റുകള്‍ കേരളത്തിന് ലഭിക്കാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഗുജറാത്തില്‍ അഞ്ചാം വര്‍ഷ അപേക്ഷകരില്‍ 280 പേര്‍ക്ക് നിലവില്‍ അവസരം ലഭിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റദ്ദാക്കുന്ന സീറ്റുകള്‍ ഗുജറാത്തിനായിരിക്കും ഇത്തവണ ലഭിക്കുക.കേരളത്തില്‍നിന്ന് അവസരം ലഭിച്ചതില്‍ 15ഓളം പേര്‍ ഇതിനകം യാത്ര റദ്ദാക്കിയിട്ടുണ്ട്.കേരളത്തിന് പ്രത്യേക ക്വോട്ടയടക്കം 9,943 പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. അഞ്ചാം വര്‍ഷ അപേക്ഷകരായ മുഴുവന്‍ പേര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.