തിരുവനന്തപുരം: സാങ്കേതിക സംവിധാനങ്ങളുടെ പരിമിതി കാരണം പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം വീര്‍പ്പുമുട്ടുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍പോലും മതിയായ ഉപകരണങ്ങളില്ലാത്ത സാഹചര്യമാണ് മിക്ക പൊലീസ് സ്റ്റേഷനുകളിലും. ആവശ്യത്തിന് വയര്‍ലെസ് സെറ്റുകളോ സെക്കന്‍ഡറി ബാറ്ററികളോ ഇല്ല്ള. വൈദ്യുതി പോയാല്‍ വയര്‍ലെസ് സെറ്റ് പ്രവര്‍ത്തിക്കാത്ത സ്റ്റേഷനുകളും നിരവധി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 560 ജീപ്പുകള്‍ വാങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഇവയില്‍ വയര്‍ലെസ് സംവിധാനം ഒരുക്കിയിട്ടില്ല. കമ്യൂണിക്കേഷന്‍ സംവിധാനം ഒരുക്കാത്ത വാഹനങ്ങള്‍ പട്രോളിങ്ങിന് ഉപയോഗിക്കാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19 പൊലീസ് ജില്ലകളിലെ സബ്ഡിവിഷനുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ 500ഓളം സ്വകാര്യവാഹനങ്ങള്‍ വാടകക്കെടുക്കേണ്ടിവരും. ഇതില്‍ ഘടിപ്പിക്കാനും വയര്‍ലെസ് സെറ്റുകള്‍ ലഭ്യമല്ല. അതേസമയം, സ്പെഷല്‍ യൂനിറ്റുകളിലെ സെറ്റുകള്‍ തിരിച്ചെടുത്ത് പ്രശ്നം പരിഹരിക്കാനാണ് ടെലികമ്യൂണിക്കേഷന്‍ എസ്.പിയുടെ നീക്കം. സ്പെഷല്‍ ബ്രാഞ്ച്, ഡിവൈ.എസ്.പി, ഇന്‍സ്പെക്ടര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ സെറ്റുകള്‍ തിരിച്ചെടുക്കാനാണ് എസ്.പിയുടെ നിര്‍ദേശം. ഇതു രഹസ്യാന്വേഷണ വിഭാഗത്തിനു തിരിച്ചടിയാകും.
പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് ചുമതലയുള്ള സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് വയര്‍ലെസ് തിരിച്ചെടുക്കുന്നത് പ്രായോഗികമല്ളെന്ന് സേനയിലെ ഉന്നതര്‍തന്നെ പറയുന്നു. 2009ല്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സെറ്റുകള്‍ താല്‍ക്കാലികമായി തരപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഇക്കുറി അത് ആവര്‍ത്തിക്കാനും ആലോചനയുണ്ട്. എന്നാല്‍, പൊലീസ് നവീകരണത്തിന് അനുവദിച്ച കോടികള്‍ ചെലവാക്കാതെ ഉപകരണങ്ങള്‍ താല്‍ക്കാലികമായി തരപ്പെടുത്തുന്നതിനുപിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് ആക്ഷേപമുണ്ട്. നവീകരണ ഫണ്ട് ഈമാസം 31നകം ചെലവിട്ടില്ളെങ്കില്‍ പാഴാകും. ഇത് ഒഴിവാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഇടപെടണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.