തിരൂരില്‍ സി.പി.എം ഓഫിസ് പ്രവര്‍ത്തിക്കുന്ന വായനശാലക്ക് തീയിട്ടു

തിരൂര്‍: ബി.പി അങ്ങാടിക്കടുത്ത് തലൂക്കരയില്‍ വായനശാലയും സി.പി.എം ഓഫിസും പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തിച്ചു. ലക്ഷങ്ങളുടെ നഷ്ടം. സംഭവ സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈ.എസ്.പിയെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. ടെലിവിഷന്‍ ഉള്‍പ്പടെയുള്ളവ കൊള്ളയടിച്ചിട്ടുമുണ്ട്.

എ.കെ.ജി ഓഫിസിനു മുന്നില്‍ നാട്ടുകാര്‍ ഡി.വൈ.എസ്.പിയെ തടഞ്ഞപ്പോള്‍
 


ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇരുപതോളം വരുന്ന സംഘം കെട്ടിടത്തിന് തീയിട്ടത്. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും അകത്തുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. അയ്യായിരത്തോളം പുസ്തകങ്ങള്‍ അഗ്നിക്കിരയായി. അമ്പതോളം കസേരകള്‍, മേശ, അലമാരകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവും കത്തിച്ചാമ്പലായി. രാവിലെ ഒമ്പത് മണിക്കും തീ പൂര്‍ണമായി അണഞ്ഞിട്ടില്ല. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വായനശാലയിലുണ്ടായിരുന്ന ടെലിവിഷന്‍, സംഗീത ഉപകരണങ്ങള്‍ എന്നിവ കാണാതായിട്ടുണ്ട്. 2001ല്‍ ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം. എ.കെ.ജി സ്മാരക വായനശാലയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസുമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയത്തിനതീതമായി പ്രദേശത്തെ ഒട്ടേറെയാളുകള്‍ ആശ്രയിച്ചിരുന്നതാണ് വായനശാല.

എ.കെ.ജി സ്മാരകത്തിന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍
 


പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേട്ട് അയല്‍വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇരുപതോളം വരുന്ന സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറി. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. പൊലീസ് അനാസ്ഥയാണ് അക്രമത്തിന് കാരണമായതെന്ന് ആരോപിച്ചാണ് രാവിലെ ഒമ്പതരയോടെ സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈ.എസ്.പി ടി.സി വേണുഗോപാലിനെ നാട്ടുകാര്‍ തടഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ വായനശാലക്കകത്തേക്ക് പൊലീസിനെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഹര്‍ത്താലിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. നാട്ടുകാര്‍ റോഡില്‍ തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ഡിവൈ.എസ്.പി വേണുഗോപാല്‍, സി.ഐ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.