ഭൗമമണിക്കൂര്‍ ആചരിച്ച ദിവസം വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോഡ്

തിരുവനന്തപുരം: ഭൗമമണിക്കൂര്‍ ദിനാചരണ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍. അത്യാവശ്യ വിളക്കുകള്‍ മാത്രം ഉപയോഗിച്ച് ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്‍ഥന ജനം കാര്യമാക്കിയില്ല. വൈദ്യുതി ബോര്‍ഡും ഗവര്‍ണറുമൊക്കെ ദിനാചരണത്തില്‍ പങ്കാളിയാകാന്‍ ജനത്തോട് അഭ്യര്‍ഥിച്ചിരുന്നു. ആഗോള താപനം, കാലാവസ്ഥാവ്യതിയാനം എന്നിവക്കെതിരായ ബോധവത്കരണം എന്നനിലയിലാണ് ലോകത്തെമ്പാടും ഭൗമദിനം (എര്‍ത്ത് അവര്‍) ആചരിക്കുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ അണച്ച് സഹകരിക്കണമെന്നായിരുന്നു അഭ്യര്‍ഥന.

ദിനാചരണം നടന്ന ശനിയാഴ്ച സംസ്ഥാനത്ത് 75.07 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതു സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന ഉപയോഗമാണ്. മുന്‍ വര്‍ഷങ്ങളില്‍ നാല് ദശലക്ഷം യൂനിറ്റ് വരെ ഭൗമദിനാചരണ ദിനത്തില്‍ ഉപയോഗത്തില്‍ കുറവ് വന്നിരുന്നു. ശനിയാഴ്ച ഭൗമദിനാചരണം നടക്കുമ്പോള്‍ ജനം മുഴുവന്‍ ഇന്ത്യ-പാകിസ്താന്‍ കുട്ടിക്രിക്കറ്റ് കാണാന്‍ ടി.വിയുടെ മുന്നിലായിരുന്നു. ഉപയോഗം ഉയര്‍ന്നതിനു പിന്നില്‍ ഇതാണ് മുഖ്യകാരണമെന്ന് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പുറമെ അസഹ്യമായ ചൂടും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായി.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ 75.07 ദശലക്ഷം യൂനിറ്റ് ഉപയോഗത്തില്‍ 51.87 ദശലക്ഷവും പുറത്തുനിന്ന് വാങ്ങിയതാണ്. ആഭ്യന്തര ഉല്‍പാദനം 23.20 ദശലക്ഷം യൂനിറ്റാണ്. പുറത്തുനിന്നുള്ള വൈദ്യുതിക്ക് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയതും ലൈന്‍ ശേഷി വര്‍ധിച്ചതുമാണ് കേരളത്തിനു തുണയായത്. ഇതിന് എന്തെങ്കിലും തടസ്സം വന്നാല്‍ ഗുരുതര പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകും. സംസ്ഥാനത്തെ അണക്കെട്ടുകളിലെ നിലനിരപ്പ് അതിവേഗം കുറയുകയാണ്.

ഞായറാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളില്‍ 44 ശതമാനം വെള്ളം മാത്രമേ ബാക്കിയുള്ളൂ. ഇതുകൊണ്ട് 1816 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്കെങ്കിലും അണക്കെട്ടുകളിലെ അടിഭാഗത്തെ വെള്ളം പൂര്‍ണമായി ഉപയോഗപ്പെടുത്താനാകില്ല. വേനല്‍ നീണ്ടുപോയാല്‍ വലിയ പ്രതിസന്ധിയാകും വരുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.