മണിയുടെ പാഡിയിലേക്ക് ചാരായം എത്തിച്ചയാള്‍ വിദേശത്തേക്ക് പോയെന്ന് പൊലീസ്

തൃശൂര്‍: കലാഭവന്‍ മണിയുടെ പാഡിയിലേക്ക് ചാരായം എത്തിച്ചയാൾ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘം. മണിയുടെ സുഹൃത്തായ ജോമോനാണ് ചാരായം എത്തിച്ചത്. ഇയാളെ നാട്ടിലത്തെിക്കാനുള്ള ശ്രമം തുടങ്ങിയതായി അന്വേഷണ സംഘം അറിയിച്ചു. ചാരായം വാറ്റിയ വരന്തരപ്പിള്ളി സ്വദേശി ജോയി കസ്റ്റഡിയിലുണ്ട്. ചാരായം വാറ്റിയതിന് അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയും പാഡിയില്‍ അന്വേഷണ സംഘത്തിന്‍റെ പരിശോധന നടക്കുന്നുണ്ട്. ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പലരും കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതായി തോന്നുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം, പാഡിയിലേക്ക് കാര്‍ഷികാവശ്യത്തിന് കീടനാശിനി കൊണ്ടുവരേണ്ട കാര്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജാതിക്കയല്ലാതെ മറ്റൊന്നും പാഡി പരിസരത്ത് കൃഷി ചെയ്യുന്നില്ല. പാഡിയില്‍നിന്ന് കിട്ടിയ മദ്യക്കുപ്പികള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനും തീരുമാനിച്ചു.

ഇപ്പോള്‍ ആറു പേരെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. തനിച്ചും കൂട്ടായുമാണ് ചോദ്യം ചെയ്യുന്നത്. ചിലര്‍ ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. മണിയുടെ മരണത്തിലെ ദുരൂഹത രണ്ട് ദിവസത്തിനകം നീങ്ങുമെന്നാണ് അന്വേഷണ സംഘത്തിന്‍െറ പ്രതീക്ഷ.

മണിയുടെ രക്തത്തിൽ കീടനാശിനിയായ ക്ലോര്‍ പൈറിഫോസ്, ഈഥൈല്‍ ആല്‍ക്കഹോള്‍ (എഥനോള്‍), മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) എന്നിവയുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞിരുന്നു.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പാഡിയില്‍ പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടര്‍മാരും രാസപരിശോധനാ വിദഗ്ധനും ഇവിടെ എത്തി പരിശോധിച്ചു. ഒന്നിച്ചു മദ്യപിച്ചവരില്‍ മണിക്ക് മാത്രം എങ്ങനെ വിഷബാധയുണ്ടായെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.