മണിയുടെ മരണം: പാഡിഹൗസിലെത്തിയ എല്ലാവരെയും സംശയം -സഹോദരന്‍

തൃശൂര്‍: കലാഭവന്‍ മണി മരിക്കുന്നതിന്‍െറ തലേന്ന് അദ്ദേഹത്തിന്‍െറ പാഡിഹൗസിലെത്തിയ എല്ലാവരെയും സംശയിക്കുന്നുവെന്നും മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്‍െറ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്‍െറ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മണിയുടെ സഹോദരന്‍ പലരെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശം നടത്തിയത്. നേരത്തെ മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘത്തിന് രൂപംനല്‍കി അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടക്കുന്നത്.

മണിയുടെ കുടുംബജീവിതത്തില്‍ ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ളെന്നും ജ്യേഷ്ഠന്‍െറ പാഡിഹൗസില്‍ തലേന്ന് വന്ന എല്ലാവരെയും തനിക്ക് സംശയമുണ്ടെന്നും രാമകൃഷ്ണന്‍ തുറന്നടിച്ചു. പാഡിഹൗസില്‍ തലേന്ന് നടന്ന മദ്യപാന സദസ്സില്‍ മണിക്ക് മദ്യം ഒഴിച്ചുകൊടുത്തവരെ സംശയിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മദ്യം ഒഴിച്ചുകൊടുത്ത അരുണ്‍, ബിപിന്‍, മുരുകന്‍ എന്നിവരെയാണ് സംശയം. ടി.വി അവതാരകന്‍ സാബു അബോധാവസ്ഥയിലായെന്ന് മണിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാബു പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, രാമകൃഷ്ണന്‍െറ അഭിപ്രായങ്ങള്‍ ഒരു സഹോദരന്‍െറ വികാരപ്രകടനങ്ങള്‍ മാത്രമായിട്ടേ താന്‍ കാണുന്നുള്ളൂവെന്ന് സാബു പറഞ്ഞു. താന്‍ ആദ്യമായാണ് പാഡിഹൗസില്‍ എത്തിയതെന്നും പത്ത് മിനിറ്റ് ചെലവഴിക്കാന്‍ മാത്രമാണ് താന്‍ അവിടെ ചെന്നതെന്നും അവിടെ മണിച്ചേട്ടന്‍െറ തമാശകള്‍ കേട്ടിരുന്ന് സമയം വൈകിയെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ മണിയുടെ ഡ്രൈവറാണ് തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനായി വന്നതെന്നും എന്നാല്‍, എറണാകുളത്ത് എത്തിയപ്പോള്‍ ഡ്രൈവറെ തിരിച്ചുവിളിച്ചുവെന്നും സാബു പറഞ്ഞു. ഇക്കാര്യം രാമകൃഷ്ണന്‍ ഖണ്ഡിച്ചു. മണിയുടെ ഡ്രൈവറോട് ചോദിച്ചാല്‍ ഇതിന്‍െറ നിജ$സ്ഥിതി മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.