പി. രാജീവിന് വേണ്ടി കൊച്ചിയിൽ പ്രകടനം; കൊല്ലത്തും കായംകുളത്തും പോസ്റ്ററുകൾ

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട്  വ്യാപക പോസ്റ്ററുകൾ. ഇക്കാര്യം ഉന്നയിച്ച് പാർട്ടി പ്രവർത്തകർ ഇടക്കൊച്ചിയിൽ പ്രകടനവും നടത്തി. ജനങ്ങള്‍ക്ക് വേണ്ടത് ജനമനസ് തൊട്ടറിഞ്ഞ ജനനായകനെയാണ്. അഴിമതി ഭരണം തുലയാനായി നല്ലൊരു നാളെ പുലരാനായി യുവത്വത്തിന്റെ പ്രതീകം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പോസ്റ്ററിലുള്ളത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പി.കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥി രജനി പാറക്കടവിനെതിരായി കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇ.പി ജയരാജനെ എക്‌സൈസ് മന്ത്രിയാക്കാനാണ് ഗുരുദാസന് സീറ്റ് നിഷേധിച്ചതെന്നാണ് കൊല്ലത്ത് പ്രചരിച്ച പോസ്റ്ററില്‍ പറയുന്നത്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം പുന:പരിശോധിക്കണമെന്നാണ് രജനിക്കെതിരായ പോസ്റ്ററിലെ ആവശ്യം. സി.പി.എമ്മിനെ ബി.ഡി.ജെ.എസിന് അടിയറവെക്കരുതെന്നും പരാമർശമുണ്ട്.

പാർട്ടികൾക്കും പ്രവർത്തകർക്കും അറിയാത്ത രജനിയെ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയാക്കിയതെന്ന് ബോധ്യപ്പെടുത്തണം. കായംകുളം മണ്ഡലം നഷ്ടപ്പെടുത്തുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും എൽ.ഡി.എഫ് അനുഭാവികൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്.

ജി. സുധാകരനെതിരെയും പോസ്റ്ററുകളിൽ പരാമർശമുണ്ട്. അമ്പലപ്പുഴയിൽ സുധാകരന് ജയിക്കാനായി വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. ഇതിന്‍റെ ഭാഗമായി ബി.ഡി.ജി.എസ് നേതാവ് സുഭാഷ് വാസുവിന്‍റെ ബന്ധുവായ രജനി പാറക്കടവിനെ സ്ഥാനാർഥിയാക്കിയതെന്നും ആരോപിക്കുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.