കരുണ എസ്റ്റേറ്റ്: നികുതി അടക്കാനുള്ള അനുമതി മന്ത്രിസഭ പുനഃപരിശോധിക്കും

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന സ്വകാര്യ കമ്പനിയായ പോബ്സില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ അനുമതി നൽകിയ ഉത്തരവ് മന്ത്രിസഭ പുനഃപരിശോധിക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, റവന്യൂ മന്ത്രി അടൂർ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വ്യവസ്ഥകൾ പ്രകാരം നികുതി ഈടാക്കാനാണ് ഉത്തരവിട്ടതെന്ന് മന്ത്രി അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുള്ള സാഹചര്യത്തിലാണ് എ.ജിയിൽ നിന്ന് നിയമോപദേശം തേടുന്നത്. സർക്കാർ ഉത്തരവിൽ അപാകതയില്ല. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ കരം അടക്കാന്‍ അനുവദിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നികുതി സ്വീകരിക്കാന്‍ അനുമതി നിൽകിയ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ, ആഭ്യന്തരം, വനം മന്ത്രിമാർക്കും സുധീരൻ കത്തും നൽകിയിരുന്നു.

പോബ്സ് ഗ്രൂപ് കൈവശം വെച്ചിരിക്കുന്ന 833 ഏക്കര്‍ ഭൂമിക്ക് നികുതി ഒടുക്കുന്നതിനായി കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാർച്ച് ഒന്നിനാണ് റവന്യൂ സെക്രട്ടറി വിശ്വാസ് മേത്ത കരം സ്വീകരിക്കാൻ ഉത്തരവിട്ടത്. പോബ്സിന്‍റെ കൈവശമുള്ളത് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്ന് 2014ല്‍ റവന്യൂവകുപ്പ് നിയോഗിച്ച അന്നത്തെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹൈകോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച അഭിഭാഷകയും അറിയാതെയാണ് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.