സര്‍ക്കാര്‍ മുട്ടുമടക്കി: തടഞ്ഞുവെച്ച 118 എസ്.ഐ  തസ്തികകള്‍ക്കുകൂടി നിയമന അംഗീകാരം 

കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി അവസാനം നിയമവഴിക്ക് സര്‍ക്കാര്‍ വന്നതോടെ തടഞ്ഞുവെച്ച 118 എസ്.ഐ. തസ്തികകള്‍ക്കുകൂടി നിയമന അംഗീകാരം. സൂപ്പര്‍ ന്യൂമറി തസ്തിയായി ഇവക്കുകൂടി അംഗീകാരം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. തടഞ്ഞുവെച്ച 137 എസ്.ഐ തസ്തികകള്‍ക്ക്  കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ  സര്‍ക്കാര്‍ നിയമനം നിഷേധിച്ച  339 ഉദ്യോഗാര്‍ഥികളില്‍ എല്ലാവര്‍ക്കും നിയമനാംഗീകാരമായി. 2015 നവംബര്‍ 11ന് പി.എസ്.സി നിയമന ശിപാര്‍ശ ചെയ്ത 339 പേരില്‍ 84 ഒഴിവുകള്‍ മാത്രമേ അംഗീകരിക്കാനാവൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയുടെയടക്കം അനുകൂല വിധി നേടിയ ശേഷമാണ് നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയാറായത്. സര്‍ക്കാര്‍വാദം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ഹൈകോടതിക്കും പിന്നാലെ സുപ്രീംകോടതിയും കൂടി തള്ളിയതോടെയാണ് ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ 137 തസ്തികകളില്‍ നിയമനത്തിന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍, ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ 118 തസ്തികകളുടെ കാര്യം പരിഗണിച്ചിരുന്നില്ല. എസ്.ഐ തസ്തികയില്‍ ആകെ ഒഴിവുള്ള 1940 ഒഴിവുകളില്‍ നേരിട്ട് നിയമനം നല്‍കേണ്ട പകുതി തസ്തികകളില്‍കൂടി  എ.എസ്.ഐമാര്‍ക്ക് നിയമനം നല്‍കിയതാണ് സര്‍ക്കാറിനെ കുരുക്കിലാക്കിയത്. ഇതോടെ അനര്‍ഹമായി സ്ഥാനക്കയറ്റം നേടിയവരെ തിരിച്ച് എ.എസ്.ഐമാരായി നിയമനം നല്‍കേണ്ട അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. 

 2013 സെപ്റ്റംബറില്‍ നിലവില്‍വന്ന എസ്.ഐ. നിയമന ലിസ്റ്റില്‍ ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ 2014 നവംബര്‍ അഞ്ചിന് 137 തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിയമന നടപടിയില്ലാതിരിക്കെയാണ് 118 എസ്.ഐമാരുടെ ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. തുടര്‍ന്ന്  ഉദ്യോഗാര്‍ഥികള്‍  137 തസ്തികകളുടെ കാര്യത്തില്‍ സുപ്രീംകോടതിയെയും 118 തസ്തികകളുടെ കാര്യത്തില്‍ ഹൈകോടതിയെയും സമീപിച്ചിരിക്കുകയായിരുന്നു. 2015 നവംബര്‍ 11ന് നിയമന ശിപാര്‍ശ നല്‍കിയ 339 തസ്തികളില്‍ 255 ഒഴിവുകളില്‍ മൂന്നര മാസം പിന്നിട്ടാണ് സര്‍ക്കാര്‍ നിയമനത്തിന്  തയാറായത്. 
നിയമന ശിപാര്‍ശ ലഭിച്ച് മൂന്ന് മാസത്തിനകം നിയമനം നടത്തിയിരിക്കണം എന്നാണ് ചട്ടം.  സര്‍ക്കാര്‍ നിലപാട് തിരുത്തിയതോടെ  50 എസ്.സി- എസ്.ടി,  40 ഈഴവ, 40 മുസ്ലിം അടക്കം 170 ഓളം സംവരണ വിഭാഗങ്ങള്‍ക്ക് അടക്കമാണ് വീണ്ടും അവസരം ലഭിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.