വിവരാവകാശ കമീഷന്‍ നിയമനം വൈകും

തിരുവനന്തപുരം: വിവരാവകാശ കമീഷന്‍ നിയമന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചതോടെ ഈ സര്‍ക്കാറിന്‍െറ കാലത്ത് നിയമനം നടക്കാനുള്ള സാധ്യത മങ്ങി. ചെയര്‍മാനായി നിര്‍ദേശിച്ച വിന്‍സന്‍ എം. പോളിന്‍െറ നിയമനമാണ് നിയമനടപടികളിലായത്. ചെയര്‍മാനെയും അംഗങ്ങളെയും ശിപാര്‍ശ ചെയ്യുന്നതിന് ഒന്നിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. ഇതോടെ അംഗങ്ങളുടെയും ചെയര്‍മാന്‍െറയും നിയമനങ്ങള്‍ കുരുക്കിലായി. ജയകുമാര്‍, പി.ആര്‍. ദേവദാസ്, റോയിസ് ചിറയില്‍, കെ.പി. അബ്ദുല്‍ മജീദ്, എബി കുര്യാക്കോസ് എന്നിവരെയാണ് സമിതി അംഗങ്ങളായി നിര്‍ദേശിച്ചത്. നിലവിലെ ചെയര്‍മാന്‍ സിബി മാത്യൂസിന് ഏപ്രില്‍ 21വരെ കാലാവധിയുണ്ട്. അതിനുശേഷമാണ് വിന്‍സന്‍ എം. പോളിന്‍െറ പേര് നിര്‍ദേശിച്ചിരുന്നത്. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയാണ് പേരുകള്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിയോജനക്കുറിപ്പെഴുതിയിരുന്നു. പിന്നാലെ കോടതിയിലും പരാതിവന്നു. ഇതോടെ ഗവര്‍ണര്‍ ഫയല്‍ മടക്കി. നേരത്തേതന്നെ വിവരാവകാശ കമീഷന്‍ നിയമനം സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാറിന്‍െറ നിരവധി തീരുമാനങ്ങളില്‍ ഉത്തരവിറങ്ങിയിട്ടില്ല. പുതിയ തീരുമാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍െറ അംഗീകാരം വേണ്ടിവരും. അജണ്ടയിലില്ലാതെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് കൈക്കൊണ്ട തീരുമാനങ്ങളില്‍ പലതും ഇനിയും ഉത്തരവായി ഇറങ്ങിയിട്ടില്ല. വകുപ്പുകളില്‍ എതിര്‍ റിപ്പോര്‍ട്ട് വരുന്നതും തിരിച്ചടിയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.