തലശ്ശേരി: 20ഓളം പേരെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ലഭിച്ച ആനുകൂല്യമെങ്കിലും പി. ജയരാജന് എന്തുകൊണ്ട് ലഭിച്ചുകൂടെന്ന് പ്രതിഭാഗം കോടതിയില്‍. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍െറ കസ്റ്റഡി അപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവേയാണ് പ്രതിഭാഗം ചോദ്യമുന്നയിച്ചത്.
നിയമം ലംഘിച്ച് കസ്റ്റഡിയില്‍ നല്‍കരുത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഹൈകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ബലാത്സംഗ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ആ ആനുകൂല്യമെങ്കിലും നിരവധി ശാരീരിക അവശതകളുള്ള ജയരാജന് ലഭിക്കണം. വേണമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായത്തോടെ ചോദ്യം ചെയ്യാമെന്ന നിലപാട് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ ആവര്‍ത്തിച്ചു.
പി. ജയരാജന് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡിന്‍െറ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ളെന്ന് തെളിയിക്കാന്‍ സി.ബി.ഐയുടെ കൈയില്‍ രേഖകളുണ്ടോ എന്ന് അഡ്വ. കെ. വിശ്വന്‍ ചോദിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഫിസിയോതെറപ്പിയും തുടരുന്ന ജയരാജന്‍ നിരവധി മരുന്നുകളാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കഴിക്കുന്നതെന്ന് വിശ്വന്‍ ബോധിപ്പിച്ചു.
ഒരു ദിവസത്തെ കസ്റ്റഡി പോലും ഒഴിവാക്കാനാണ് ഇത്തരം നാടകങ്ങളെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ വാദിച്ചു. ആരോഗ്യപരമായി പ്രശ്നങ്ങളൊന്നുമില്ലാത്തതിനാലാണ് സി.ബി.ഐ റെയ്ഡ് പോലും നടത്താതെ ജയരാജന്‍ കീഴടങ്ങിയത്. ജയില്‍ സൂപ്രണ്ടിനെയും മെഡിക്കല്‍ സൂപ്രണ്ടിനെയും വിശ്വസിക്കാനാവില്ളെന്നും സി.ബി.ഐ വാദിച്ചു.
നേരത്തെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തതല്ളേയെന്ന് കോടതി ആരാഞ്ഞപ്പോള്‍, അത് കഴിഞ്ഞ വര്‍ഷമാണെന്നായിരുന്നു സി.ബി.ഐ പ്രോസിക്യൂട്ടറുടെ മറുപടി. ചോദ്യംചെയ്യലിന് അടിയന്തരമായി പി. ജയരാജനെ കൈമാറാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
അതേസമയം, ആശുപത്രിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്യുന്നതിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് അഡ്വ. കെ. വിശ്വന്‍ ചോദിച്ചു. ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് ചികിത്സയിലുള്ള പി. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് സി.ബി.ഐ നിര്‍ബന്ധം പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ എല്ലാ മുന്‍കരുതലുകളുമെടുത്ത് ആശുപത്രികളേക്കാള്‍ സുരക്ഷിതത്വം ഉറപ്പുനല്‍കാനാവുമെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ തുടര്‍ന്ന് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.