പ്രതിപക്ഷ ഉപനേതാവ്; വിടാതെ സി.പി.ഐ; വഴങ്ങാതെ സി.പി.എം, ഇടത് മുന്നണിയിൽ പ്രതിസന്ധി

തിരുവനന്തപുരം: കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി സി.പി.എം നിശ്ചയിച്ചെങ്കിലും സി.പി.ഐ ഇടഞ്ഞുനിൽക്കുകയും അവകാശവാദം കടുപ്പിക്കുകയും ചെയ്തതോടെ ഇടതുമുന്നണിയിൽ പ്രതിസന്ധി. തീരുമാനമെടുത്തെങ്കിലും സി.പി.ഐയുടെ വിയോജിപ്പ് മറികടന്ന് പ്രഖ്യാപിക്കാനാകുന്നില്ലെന്നതാണ് സി.പി.എമ്മിനെ കുഴപ്പിക്കുന്നത്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിയോഗിക്കരുതെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് പരിഭവമുള്ള സി.പി.ഐയെ സംബന്ധിച്ച് പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടുക എന്നത് അഭിമാനപ്രശ്നമാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും കിട്ടിയേ തീരൂവെന്നും ബിനോയ് വിശ്വം പരസ്യമായ നിലപാടെടുത്തത്.

നിയമസഭ സമ്മേളനം ആരംഭിച്ചെങ്കിലും തർക്കം തുടരുന്നതിനാൽ ഇതുവരെ ഇടതുമുന്നണി നിയമസഭ കക്ഷി യോഗം ചേരാനായില്ല. മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിലെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കാൻ പതിവായി നടത്താറുള്ള വാർത്തസമ്മേളനം ഇക്കുറി ഘടകകക്ഷി നേതാക്കളില്ലാതെ പിണറായി വിജയൻ ഒറ്റക്കാണ് നടത്തിയത്.

കെ. രാജന്റെ പേര് മുൻനിർത്തിയാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ലക്ഷ്യമിട്ട് സി.പി.ഐ നീക്കം. ‘ഒരു വാക്കും ഒരു നേതാവുമെന്ന’ എൽ.ഡി.എഫിന്റെ പൊതുപ്രതിച്ഛായ മാറണമെന്ന നിലപാടിലാണ് സി.പി.ഐ. ആദ്യമായാണ് മുന്നണിയിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി സി.പി.ഐ ആവശ്യമുയർത്തുന്നത്. ഇടതുമുന്നണിയുടെ സീറ്റുനില മുൻനിർത്തിയാണ് സി.പി.ഐ അവകാശവാദം.

സ്വതന്ത്രരടക്കം 86 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് 26 എം.എൽ.എമാരെയാണ് വിജയിപ്പിക്കാനായത്; അതായത് 30.26 ശതമാനം. എന്നാൽ 25 സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് എട്ട് എം.എൽ.എമാരുണ്ട്; അതായത് 32 ശതമാനം. എല്ലാം സി.പി.എമ്മിന് വിട്ടുകൊടുത്ത് രണ്ടാംനിരക്കാരായി കഴിയേണ്ടെന്നാണ് സി.പി.ഐ നിലപാട്. മുന്നണി സർക്കാറാണ് 10 വർഷം ഭരിച്ചതെങ്കിലും ‘പിണറായി സർക്കാർ’ എന്ന സി.പി.എം വിശേഷണങ്ങളിൽ സി.പി.ഐ അസ്വസ്ഥവുമായിരുന്നു.

ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സി.പി.എം നിർദേശിച്ചത് പ്രകാരമാണ് മുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കാതിരുന്നതെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്.

Tags:    
News Summary - Deputy Leader of the Opposition; CPI not giving up; CPM not giving in, crisis in the Left Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.