മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: തുക നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സമ്മര്‍ദമെന്ന് കലക്ടര്‍

കോഴിക്കോട്: അനിശ്ചിതത്വത്തിലായ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മതിയായ രേഖകളില്ലാത്തവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍  റവന്യൂ ഉദ്യോഗസ്ഥരില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ സമ്മര്‍ദമുണ്ടെന്നാണ് കലക്ടര്‍ വ്യക്തമാക്കുന്നത്. കലക്ടര്‍, കോഴിക്കോട് എന്ന  ഫേസ്ബുക് പേജില്‍, ഓപറേഷന്‍ സവാരിഗിരി പദ്ധതി തുടങ്ങിയെന്ന പത്രവാര്‍ത്തയുടെ കമന്‍റ് ബോക്സിലെ ചിലരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഗുരുതര ആരോപണങ്ങളുമായി കലക്ടറുടെ വിശദീകരണ കുറിപ്പുള്ളത്. ഈ പദ്ധതിയില്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്‍പര്യങ്ങളുണ്ട്.

രാഷ്ട്രീയക്കാരിലും ചില മാധ്യമങ്ങളിലും സ്വാധീനമുള്ള ഇവരുടെ ശക്തമായ ലോബി നേരിട്ടും അല്ലാതെയും റവന്യൂ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിയമപരമായ രേഖകളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പണം അടിയന്തരമായി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. റോഡ് വികസിപ്പിക്കുന്ന ഭാഗത്തിന് സമീപം വലിയ ബില്‍ഡേഴ്സ് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും അവര്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണെന്നും കലക്ടര്‍ ആരോപിക്കുന്നു. അവരുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് നിയമം മാറ്റാനാകില്ല. എന്തു സമ്മര്‍ദമുണ്ടായാലും ഭീഷണിപ്പെടുത്തിയാലും നിയമപ്രകാരമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനത്തിന്‍െറ കാലാവധി കഴിഞ്ഞശേഷമാണ് ഫണ്ട് റിലീസായത്. തുടര്‍ന്ന് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം പുതുക്കിയ വിജ്ഞാപനം പൊതുമരാമത്ത് സമര്‍പ്പിച്ചതാണ്.

റോഡ് വികസനത്തിനായി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് നല്‍കിയ സ്ഥലത്തും പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഭൂമിയുടെ ചുറ്റുമതില്‍ പൊളിച്ച് വീണ്ടും മതില്‍കെട്ടി സംരക്ഷിക്കാനുള്ള അനുമതി ഇതുവരെ സര്‍ക്കാറില്‍നിന്നും ലഭിച്ചിട്ടില്ല. അതിനായി എല്ലാവരും കാത്തിരിക്കുകയാണ്.
കുറെയധികം ജനങ്ങള്‍ക്ക് ഭൂമി സംബന്ധിച്ച ശരിയായ രേഖകളില്ല. അതിനാല്‍, അവര്‍ക്ക് തുക നല്‍കാനാകില്ല. പണം കിട്ടാതെ അവര്‍ ഭൂമി വിട്ടുതരുകയും ഇല്ല. ഇവര്‍ക്ക് പണം നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദമാണ് റവന്യു ഉദ്യോഗസ്ഥര്‍ക്കുള്ളത്.

ചുരുക്കിപറഞ്ഞാല്‍, ‘കാര്യങ്ങള്‍ കഠിനമാണ് ബ്രോ’ എന്നാണ് കലക്ടര്‍ പോസ്റ്റില്‍ ഹാസ്യേന പറയുന്നത്. നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാറില്‍ നിന്നും ഭൂമി, പി.ഡബ്ള്യു.ഡി നേരിട്ടുവാങ്ങാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്താകുമെന്ന് നോക്കാമെന്നും കലക്ടര്‍ പറയുന്നു. നഷ്ടപരിഹാരത്തുക നല്‍കാത്തതിലും റോഡ് വികസനം നീളുന്നതിലും പ്രതിഷേധിച്ച്  ആക്ഷന്‍ കമ്മിറ്റി ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തത്തെിയിരുന്നു. സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള 39 കോടി രൂപ കലക്ടറുടെ അക്കൗണ്ടിലത്തെിയിട്ടും വിതരണം ചെയ്യാത്തതും റോഡ് വികസനം നീളുന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.