പി. ജയരാജനെ ഡിസ്ചാർജ് ചെയ്തു; ട്രെയിൻ മാർഗം കോഴിക്കോട്ട് എത്തിക്കും

തിരുവനന്തപുരം: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവില്‍ ജയരാജന് ഗുരുതര ആരോഗ്യ പ്രശ്നമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. രാവിലെ 8.45ന്‍റെ ഗരീബ് രഥ് എക്സ്പ്രസിൽ കോഴിക്കോട്ട് എത്തിക്കുന്ന ജയരാജനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.

ബുധനാഴ്ചയും ജയരാജനെ വിദഗ്ധപരിശോധനക്ക് വിധേയനാക്കിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ കണ്ണൂർ ജയിൽ സൂപ്രണ്ട് നിർദേശിക്കുകയായിരുന്നു. മുമ്പ് ചികിത്സിച്ചിരുന്ന ആശുപത്രി എന്ന നിലയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനക്ക് ശേഷം ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് നിന്നും ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടിരുന്നു. ഇത് വലിയ വിമർശങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോഴിക്കോട് യാത്രക്കായി ട്രെയിൻ തെരഞ്ഞെടുത്തത്. കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

കതിരൂർ മനോജ് കേസിൽ ചോദ്യം ചെയ്യാൻ ജയരാജനെ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ അപേക്ഷ തലശേരി ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. ജയരാജന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ജയിൽ അധികൃതർ കോടതിയിൽ ഹാജരാക്കും. ഫെബ്രുവരി 24നാണ് ജയരാജനെ വിദഗ്ധ പരിശോധനക്കായി ശ്രീചിത്രയിൽ പ്രവേശിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.