പ്രതീക്ഷ തകര്‍ന്നു; റബറിന് ഇടമില്ല

കോട്ടയം: കേന്ദ്ര ബജറ്റ് അവതരണം മന്ത്രി പൂര്‍ത്തിയാക്കിയപ്പോള്‍ തകര്‍ന്നത് കേരളത്തിലെ റബര്‍ കര്‍ഷകരുടെ അവസാന പ്രതീക്ഷ. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ നടപടികളോ കാതലായ നിര്‍ദേശങ്ങളോ വിലസ്ഥിരതാ ഫണ്ടിലേക്ക് തുക വകയിരുത്തലോ ഇല്ലാതെ പൂര്‍ണമായി അവഗണിക്കുന്നതായി കേന്ദ്ര ബജറ്റ്.

റബര്‍ കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് ഒരു വാക്കുപോലും ബജറ്റില്‍ ധനമന്ത്രിയുടേതായി ഉണ്ടായില്ല. വിലയിടിവില്‍ ദുരിതം പേറുന്ന കേരളത്തിലെ റബര്‍, ഏലം, കാപ്പി, നാളികേര കര്‍ഷകരുടെ അവസാന പ്രതീക്ഷ കേന്ദ്ര ബജറ്റിലായിരുന്നു. എന്നാല്‍ റബര്‍, കോഫി, തേയില ബോര്‍ഡുകള്‍ക്ക് സാധാരണ പദ്ധതി വിഹിതം മാത്രമാണ് ഇത്തവണയും ഉള്‍പ്പെടുത്തിയത്. കേരളത്തിലെ റബര്‍ കര്‍ഷകരില്‍നിന്ന് പ്രതിവര്‍ഷം സെസ് ഇനത്തില്‍ പിരിച്ചെടുക്കുന്ന 1000 കോടിയില്‍നിന്ന് 132.75 കോടി മാത്രം വാര്‍ഷിക വിഹിതമായി റബര്‍ ബോര്‍ഡിന് ഇത്തവണയും നല്‍കി. കഴിഞ്ഞ വര്‍ഷം 135 കോടിയായിരുന്നു വിഹിതം. ബോര്‍ഡിന്‍െറ ദൈനംദിന ചെലവുകള്‍ക്ക് മാത്രമുള്ളതാണ് ഈ തുക.

റബര്‍ കൃഷി വികസനം, സംഭരണം, താങ്ങുവില വര്‍ധന, ആവര്‍ത്തന കൃഷി, ഇറക്കുമതി നിയന്ത്രണം എന്നിവ സംബന്ധിച്ചു പ്രഖ്യാപനങ്ങളൊന്നുമില്ല. നികുതിരഹിത റബറിന്‍െറ മാര്‍ച്ച് 31വരെയുള്ള ഇറക്കുമതി നിരോധം രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്നും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും തോട്ടം സബ്സിഡി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. റബറിന് പുറമെ വിലയിടിവില്‍ നട്ടം തിരിയുന്ന നാളികേര, കയര്‍ മേഖലക്കും ബജറ്റില്‍ ആനുകൂല്യങ്ങളൊന്നും ഇല്ല. സ്പൈസസ് ബോര്‍ഡിനും ബജറ്റില്‍ ലഭിച്ചത് അവഗണന മാത്രം.

ബജറ്റിനെതിരെ റബര്‍ കര്‍ഷകരിലും കര്‍ഷക സംഘടനകളിലും അമര്‍ഷം പുകയുകയാണ്. റബര്‍ വിലയിടിവിനെതിരെ ഉപവാസം അനുഷ്ഠിച്ച കേരള കോണ്‍ഗ്രസിനും ബജറ്റ് തിരിച്ചടിയായി. അഞ്ചു വര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-പ്ളാറ്റ്ഫോം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതില്‍ കേരളത്തിന് കാര്യമായ നേട്ടമൊന്നും ലഭിക്കാനില്ല. റബര്‍ വിലയിടിവ് പരിഹരിക്കാന്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കുറഞ്ഞത് 500 കോടിയെങ്കിലും ഉള്‍പ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െയും കര്‍ഷകരുടെയും പ്രതീക്ഷ.

സംസ്ഥാന സര്‍ക്കാര്‍ ആദ്യം 300 കോടിയും തുടര്‍ന്ന് 200 കോടിയും വിലസ്ഥിരതാ ഫണ്ടില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്ര ബജറ്റ് കണ്ടായിരുന്നു. കേന്ദ്രം 500 കോടി കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ഷകര്‍ക്കായി 1000 കോടിയുടെ പദ്ധതിയായിരുന്നു സര്‍ക്കാറിന്‍െറ ലക്ഷ്യം. വിലസ്ഥിരതാ ഫണ്ടില്‍ 500 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.