വി.എസിനെ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനാക്കും. ആദായകരമായ പദവികള്‍ സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തിയശേഷം ഇത് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇരട്ടപദവി എന്ന സാങ്കേതികക്കുരുക്കില്‍പെടാതിരിക്കാനാണ് ഈ തീരുമാനം. നിയമഭേദഗതിക്കാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍തന്നെ നിയമഭേദഗതി പാസാക്കിയേക്കും. വി.എസിന്‍െറ പദവിയില്‍ അന്തിമതീരുമാനം അടുത്തമാസം പകുതിയോടെ മാത്രമേ ഉണ്ടാകൂ. നിയമസഭ വ്യാഴാഴ്ച പിരിഞ്ഞാല്‍ ജൂലൈ എട്ടിന് ബജറ്റ് അവതരണത്തിനാണ് സമ്മേളിക്കുക. കമീഷന്‍ രൂപവത്കരണത്തിന്‍െറ വിശദാംശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അടുത്ത ആഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തില്‍ നേരത്തേ രാഷ്ട്രീയതീരുമാനം സി.പി.എം കൈക്കൊണ്ടിരുന്നു. വി.എസുമായി പാര്‍ട്ടി കേന്ദ്രനേതൃത്വം ചര്‍ച്ചനടത്തുകയും ചെയ്തു. ബുധനാഴ്ച മന്ത്രിസഭയില്‍ വി.എസിന്‍െറ പദവി സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ മാത്രമേ ആയുള്ളൂ. തീരുമാനമെടുക്കും മുമ്പ് നിയമപരമായി ചോദ്യം ചെയ്യാനാകാത്ത വിധം സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍. നാലാമത്തെ ഭരണപരിഷ്കാരകമീഷനാണ് വി.എസിന്‍െറ നേതൃത്വത്തില്‍ വരാന്‍ പോകുന്നത്. 57ല്‍ ഇ.എം.എസിന്‍െറ നേതൃത്വത്തിലായിരുന്നു കമീഷന്‍. 1965ലും 1997ലുമാണ് പിന്നീട് കമീഷന്‍ വന്നത്. 97ല്‍ ഇ.കെ. നായനാരായിരുന്നു അധ്യക്ഷന്‍. ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷ പദവി നിലവില്‍ ആദായകരമായ പദവികളുടെ ഗണത്തിലാണ് പെടുന്നത്. ആസൂത്രണബോര്‍ഡ് അധ്യക്ഷപദവിയും മറ്റും ഇതില്‍ വരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.