അശ്വതിക്ക് സി.ടി സ്കാനിങ് നടത്തി ദ്രവഭക്ഷണം നല്‍കാന്‍ നിര്‍ദേശം

കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിക്ക് അണുബാധയുണ്ടായോ എന്നറിയാന്‍ സി.ടി സ്കാനിങ് നടത്തി. കഴിഞ്ഞ ദിവസം തുടങ്ങിയ പനിയില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ്  സ്കാന്‍ ചെയ്തത്. ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് നെഞ്ചിന്‍െറ സി.ടി സ്കാന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍ പറഞ്ഞു.

ദ്രവരൂപത്തിലെ ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുഴല്‍വഴി കഞ്ഞിവെള്ളം ചെറുതായി നല്‍കുന്നുണ്ട്. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടശേഷം മനോരോഗ വിദഗ്ധരടക്കമുള്ളവരുടെ പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരം ചൊവ്വാഴ്ച നടത്തിയ ബേരിയം സ്വാലോ പരിശോധന വിജയകരമായതിനാല്‍ വീണ്ടും എന്‍ഡോസ്കോപി വേണ്ടെന്നുവെച്ചിരുന്നു. പനി ഉള്ളതിനാല്‍ അശ്വതിയെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രത്യേക ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്.

അതിനിടെ,  സംഭവം അന്വേഷിക്കാന്‍ എത്തിയ കര്‍ണാടക പൊലീസ് സംഘം മടങ്ങി. കലബുറഗി റോസ എ ഡിവിഷന്‍ ഡിവൈ.എസ്.പി എസ്. ജാന്‍വിയുടെ നേതൃത്വത്തിലെ സംഘം ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് തിരിച്ചുപോയത്. 12 അംഗ സംഘം തിങ്കളാഴ്ച അശ്വതിയുടെയും കുടുംബത്തിന്‍െറയും മൊഴിയെടുത്തിരുന്നു. ചൊവ്വാഴ്ച അശ്വതിയെ മുമ്പ് പ്രവേശിപ്പിച്ച എടപ്പാളിലെ ആശുപത്രി അധികൃതരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും നാട്ടിലെ ബന്ധുക്കളുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതിനിടയില്‍ സംഘത്തിലെ കുറച്ചുപേര്‍ നാലാം പ്രതി ശില്‍പ ജോസിനെ പിടികൂടാന്‍ കോട്ടയം കടുത്തുരുത്തിയിലേക്ക് പോയെങ്കിലും കണ്ടത്തൊനായില്ല. ചൊവ്വാഴ്ച എടപ്പാളില്‍നിന്ന് തിരിച്ചത്തെിയ സംഘം അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.  ആത്മഹത്യാശ്രമമാണോ റാഗിങ്ങാണോ എന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.