സ്വാശ്രയ എഞ്ചി. പ്രവേശം: ചര്‍ച്ച വീണ്ടും അലസി

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ച അലസി. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശത്തിന് റാങ്ക്പട്ടികയില്‍ നിന്ന് മാത്രമേ അനുമതി നല്‍കാനാകൂവെന്ന് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് തീരുമാനമാകാതെ പോയത്. അസോസിയേഷന്‍ യോഗത്തില്‍ ആലോചിച്ചശേഷം തുടര്‍നിലപാട് അറിയിക്കാമെന്ന് ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു.

മാനേജ്മെന്‍റ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് യോഗം ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് നാലിനകം സര്‍ക്കാറിനെ അസോസിയേഷന്‍ നിലപാട് അറിയിക്കും. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നെന്ന കാരണത്താല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താനാകില്ളെന്ന് ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. സീറ്റുകള്‍ നികത്തുക എന്നതല്ല, സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിവിധി മാനിച്ചുമാത്രമേ മുന്നോട്ട്പോകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. പ്രവേശപരീക്ഷ ഒഴിവാക്കണമെന്ന മാനേജ്മെന്‍റ് അസോസിയേഷന്‍ ആവശ്യം സംബന്ധിച്ച് വേണമെങ്കില്‍ പിന്നീട് ചര്‍ച്ചയാകാമെന്നും ഈ വര്‍ഷത്തെ പ്രവേശത്തില്‍ ഇളവുകള്‍ അനുവദിക്കാനാകില്ളെന്നും മന്ത്രി വ്യക്തമാക്കി.

പ്രവേശപരീക്ഷയില്‍ സമീകരണപ്രക്രിയക്ക് മുമ്പേയുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍ നിന്ന് മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശാനുമതി വേണമെന്ന നിലപാട് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് വിഭാഗം ആവര്‍ത്തിച്ചു. ഇത് അനുവദിക്കുന്നില്ളെങ്കില്‍ അലോട്ട്മെന്‍റിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പ്ളസ് ടു മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ നികത്താന്‍ അനുമതി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് രണ്ടും അംഗീകരിക്കാനാകില്ളെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.