കണ്ണൂര്‍: തടവുകാര്‍ക്ക് അടിയന്തരപരോള്‍ അനുവദിക്കുമ്പോള്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പലതും അയോഗ്യമാണെന്ന് മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലായില്ളെന്ന് വകുപ്പുതല പരിശോധനയില്‍ കണ്ടത്തെി. പുതിയ ജയില്‍മേധാവിക്ക് മുന്നില്‍ സമര്‍പ്പിച്ച മുന്‍കാല നടപടികളുടെ അവലോകനത്തിലാണ് പരോള്‍നടപടി കര്‍ക്കശമാക്കാനുള്ള ഉത്തരവിന്മേല്‍ അധിക നടപടികളൊന്നും ഉണ്ടായില്ളെന്ന് വിശദീകരണം നല്‍കപ്പെട്ടത്.
ബന്ധുക്കള്‍ ഗുരുതരരോഗികളായതിന്‍െറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷയിന്മേല്‍ ഡി.ജി.പി പത്തും ജയില്‍ സൂപ്രണ്ട്  അഞ്ചു ദിവസവും അടിയന്തരപരോള്‍ അനുവദിക്കാറുണ്ട്. ഇത്തരം പരോളിനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പലതും സംശയകരമാണെന്നാണ് മേയ് 31ന് ഋഷിരാജ് സിങ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ഫീല്‍ഡ് റിപ്പോര്‍ട്ടും ശേഖരിക്കാന്‍ ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടുമാര്‍ നേരിട്ട് ജയില്‍ ഉദ്യോഗസ്ഥനെ നിയമിച്ച് നടപടി എടുക്കണമെന്നാണ് ഋഷിരാജ് സിങ്ങിന്‍െറ ഉത്തരവ്. വിദൂരങ്ങളിലുള്ള തടവുകാരാണെങ്കില്‍ അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് വിവരം കൈമാറി രേഖപരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പറഞ്ഞിരുന്നു.

പുതിയ ഡി.ജി.പി ചുമതല ഏറ്റെടുത്ത് ചില പരോള്‍ അപേക്ഷ മുന്നില്‍വന്നപ്പോഴാണ് ഈ ഉത്തരവനുസരിച്ച് അന്വേഷണ ഫയലുകള്‍ അറ്റാച്ച് ചെയ്യാതിരുന്നതിനെക്കുറിച്ച് പരിശോധന നടന്നത്. നടപ്പിലാക്കാനാവാത്ത ഉത്തരവാണ് മുന്‍ ഡി.ജി.പിയുടേതാണെന്നാണ് വിശദീകരണം. പരോള്‍ അപേക്ഷയിന്മേലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അതത് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നാണ് ചട്ടം. സൂപ്രണ്ടുമാര്‍ അത് നേരിട്ട് അന്വേഷിക്കണമെന്ന് ബന്ധപ്പെട്ട പരോള്‍ നിയമത്തിലില്ലാത്തതിനാല്‍ ഡി.ജി.പിയുടെ ഉത്തരവ് സാധുവല്ല എന്നും വിശദീകരിക്കപ്പെടുന്നു. എന്നാല്‍, പരോള്‍ ആനുകൂല്യം വ്യാപകമായി ദുരുപയോഗിക്കുന്നതിന് മറ്റെന്ത് പരിഹാരം എന്ന ചോദ്യത്തിന് മറുപടിയില്ല.

പരോള്‍ അപേക്ഷയിന്മേല്‍ തീരുമാനമുണ്ടാവുന്നതില്‍ പലതും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. സൂപ്രണ്ടുമാര്‍ നല്‍കിയ അഞ്ചുദിവസത്തെ പരോള്‍ അനുഭവിച്ചശേഷം അത് 10 ദിവസത്തേക്കുകൂട്ടി നീട്ടിവാങ്ങാന്‍ ഡി.ജി.പിതലത്തില്‍ അപേക്ഷിക്കുകയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പരോള്‍ നീട്ടുകയും ചെയ്യുകയാണ് പതിവ്. ഇത്തരം നടപടികളിലെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് സംശയകരമായ പലതും ശ്രദ്ധയില്‍പെട്ടതും ഉത്തരവിറക്കിയതെന്നുമാണ് ഋഷിരാജ് സിങ്ങിനെ അനുകൂലിക്കുന്നവര്‍ വിശദീകരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിടയില്‍ തലപ്പത്ത് അഞ്ചുപേരെ മാറ്റി പ്രതിഷ്ഠിച്ചതിന്‍െറ ദുരിതങ്ങളിലൊന്നാണ് പൂഴ്ത്തിവെക്കപ്പെട്ട ഈ ഉത്തരവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ മേധാവികളും അവരുടേതായ പരിഷ്കാരവും ഉത്തരവുമാണ് നടപ്പിലാക്കിയത്. മുന്‍ ഉത്തരവുകള്‍ പലതും അപ്പോള്‍ പൂഴ്ത്തിവെക്കപ്പെട്ടു. അലക്സാണ്ടര്‍ ജേക്കബ് ജയില്‍ ഡി.ജി.പിയായപ്പോള്‍ ചപ്പാത്തി പദ്ധതി നടപ്പിലാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് പരിഷ്കാരങ്ങള്‍ ടി.പി. സെന്‍കുമാര്‍ വന്നപ്പോള്‍ നടപ്പിലായില്ല. പിന്നീട് ലോക്നാഥ് ബെഹ്റ ഇ-പ്രിസണ്‍ സംവിധാനം നടപ്പിലാക്കി. അതിനുശേഷമാണ് ഋഷിരാജ് സിങ്ങിന്‍െറ ഊഴം. ഇപ്പോള്‍ അഞ്ചാം വര്‍ഷം അഞ്ചാമനായിവന്ന അനില്‍കാന്ത് പഴയ ഫയലുകളെല്ലാം പഠിച്ചുവരുകയാണ്. ജയില്‍ വകുപ്പിലെ പുതുക്കക്കാരനായ ഡി.ജി.പിയുടെ പുതിയ പരിഷ്കാരമെന്താവുമെന്ന ആകാംക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.