കോഴിക്കോട്: യു.ഡി.എഫ് പോയി എല്‍.ഡി.എഫ് വന്നതോടെ ബാറുടമകളുടെ ചേരിപ്പോരിനും മൂര്‍ച്ച കൂടി . കേരളരാഷ്ട്രീയത്തെ കാല്‍ നൂറ്റാണ്ടായി നിയന്ത്രിച്ചിരുന്ന സാമ്പത്തിക ശക്തികള്‍ ഇപ്പോള്‍ തമ്മിലടിയുടെ മൂര്‍ധന്യത്തിലാണ്. ഏതാനും മാസം മുമ്പ് കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിളര്‍ന്ന് പുതുതായി രൂപംകൊണ്ട കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍, ആദ്യ സംഘടനക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. മുന്‍ എക്സൈസ് മന്ത്രിയുടെ ബിനാമികളായി വന്‍ അഴിമതി നടത്തി എന്നതടക്കം നിരവധി ആരോപണങ്ങളാണ് രാജ്കുമാര്‍ ഉണ്ണി പ്രസിഡന്‍റായ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനെതിരെ ഉന്നയിക്കപ്പെട്ടത്.
ആരോപണങ്ങള്‍ക്ക് നടുവില്‍ ശനിയാഴ്ച കൊച്ചിയില്‍ അസോസിയേഷന്‍െറ പ്രത്യേക ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കരുതെന്ന് എതിര്‍സംഘടന അംഗങ്ങളെ അറിയിച്ചിരിക്കുകയാണ്. വി.എം. രാധാകൃഷ്ണന്‍ പ്രസിഡന്‍റായ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍െറ പരാതിയില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടനിലക്കാരായിനിന്ന് കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കെ. ബാബുവിന് നൂറു കോടി രൂപക്ക് മുകളില്‍ കോഴ നല്‍കിയതായാണ് പരാതിയില്‍ പറയുന്നത് .
ബാര്‍ ലൈസന്‍സ് ലഭിക്കുന്നതില്‍ സംഘടനാനേതാക്കള്‍ ഇടനിലക്കാരായി. ഓരോ വര്‍ഷവും ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുമെന്ന് ഭയപ്പെടുത്തി മന്ത്രിക്ക് കൊടുക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങി എന്നിങ്ങനെ ആരോപണങ്ങള്‍ ഏറെയാണ്. അതിനിടെ, അസോസിയേഷന്‍െറ മുന്‍ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സീക്വീന്‍ ഹോട്ടല്‍ ഉടമയുമായ പി. അജയകുമാറും മറ്റ് ആറ് ഹോട്ടല്‍ ഉടമകളും നല്‍കിയ ഹരജിയില്‍ സംഘടനയുടെ പ്രവര്‍ത്തനം രജിസ്ട്രേഷന്‍ ഐ.ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. കാല്‍ നൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഏക സംഘടനയാണ് ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നടുവില്‍ പിളര്‍ന്നത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ മന്ത്രിമാരെ രക്ഷിക്കാന്‍ അസോസിയേഷന്‍ നേതാക്കള്‍ സഹായിച്ചതിന് പ്രത്യുപകാരമായി അവര്‍ക്ക് സര്‍ക്കാര്‍ കരാറുകളും മറ്റും ലഭിച്ചതായും ആരോപണമുണ്ട്.
ബാറുകള്‍ അടച്ചതിനാല്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രസക്തിയില്ളെന്ന് വി.എം. രാധാകൃഷ്ണന്‍ പറഞ്ഞു. കെ. ബാബുവിന്‍െറ പെട്ടി പിടുത്തക്കാരായി കമീഷന്‍ ജോലി ചെയ്തിരുന്നവരേ ഇന്നത്തെ യോഗത്തിന് പോകൂ. ബാറുകള്‍ പൂട്ടി പ്രതിസന്ധിയിലായവര്‍ പുതിയ സഘടനയിലാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, മൂന്നു നാലു വര്‍ഷമായി സംഘടനയില്‍ വിമതശല്യം ഉണ്ടായിരുന്നെന്നും പുറത്തുപോയത് അവരാണെന്നുമാണ് രാജ്കുമാര്‍ ഉണ്ണി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.