ജിഷ വധം: കൊലക്ക് ഉപയോഗിച്ച ആയുധം ആദ്യ സംഘം കണ്ടെടുത്തതുതന്നെ

കൊച്ചി: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ആദ്യ അന്വേഷണസംഘം കണ്ടെടുത്തതുതന്നെയെന്ന് വ്യക്തമായി. ആദ്യ പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ജിഷയുടെ വീട്ടുപരിസരത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സുഹൃത്ത് അനാറുല്‍ ഇസ്ലാമില്‍നിന്നാണ് തനിക്ക് ആയുധം ലഭിച്ചതെന്ന് പ്രതി ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കനാലില്‍ ചളിയില്‍ പൂണ്ട നിലയില്‍ ചെരിപ്പുകളിലൊന്നും അന്ന് ലഭിച്ചു. അതിന്‍െറ ജോടി കനാല്‍ ബണ്ടിലെ പുല്‍ക്കാട്ടില്‍നിന്നാണ് ലഭിച്ചത്. ഒന്ന് ചളിയില്‍ പൂണ്ടതിനാലാണ് ചെരിപ്പ് ഉപേക്ഷിച്ചതെന്നും പ്രതി ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. നാലുദിവസം കൂടി ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍തന്നെ കേസ് തെളിയിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആയുധം ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പുതിയ അന്വേഷണസംഘത്തിലെ അംഗം പറഞ്ഞു. അതില്‍ രക്തത്തിന്‍െറ അംശം കുറവായിരുന്നു. ഇത് ഫോറന്‍സിക് പരിശോധനക്ക് തടസ്സമാവുമെന്നാണ് വിലയിരുത്തല്‍. പരിശോധനഫലം ലഭിച്ചിട്ടില്ല.

പ്രതി സംഭവദിവസം ധരിച്ച വസ്ത്രം മാത്രമേ ഇനി കണ്ടത്തൊനുള്ളൂ. വ്യാഴാഴ്ച കൂടുതല്‍ പേര്‍ അന്വേഷണസംഘത്തിന് സ്വമേധയാ മൊഴി നല്‍കാനത്തെി. കൊലപാതകം കഴിഞ്ഞ് പ്രതി ഇരിങ്ങോള്‍കാവ് വഴിയാണ് രക്ഷപ്പെട്ടത്. അന്ന് ആ ഭാഗത്ത് മഞ്ഞഷര്‍ട്ട് ധരിച്ച അപരിചിതനായ യുവാവിനെ കണ്ടതായി ചിലര്‍ നേരത്തേ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇവരില്‍ ചിലരാണ് വ്യാഴാഴ്ച ആലുവ പൊലീസ് ക്ളബില്‍ എത്തിയത്. ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് അനൗദ്യോഗിക വിവരം.

വൈദ്യശാലപ്പടിയിലെ താമസസ്ഥലത്തുനിന്ന് പ്രതി പെരുമ്പാവൂരില്‍ എത്തിയത് ഓട്ടോയിലാണ്. ഈ ഓട്ടോയുടെ ഡ്രൈവര്‍ ആരാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. വ്യാഴാഴ്ച എ.ഡി.ജി.പി ബി. സന്ധ്യ ആലുവ പൊലീസ് ക്ളബില്‍ എത്തി. എ.ഡി.ജി.പിയുടെയും റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജയുടെയും സാന്നിധ്യത്തിലായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്യല്‍. അടിക്കടി പ്രതി മൊഴി മാറ്റിപ്പറയുന്നത് അന്വേഷണസംഘത്തെ വലക്കുന്നുണ്ട്.  ഇയാളുടെ മൊഴികളില്‍ സ്ഥിരത വന്നെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ജിഷയുടെ വീട്ടിലും മറ്റും എത്തിച്ച് തെളിവെടുക്കും.

പ്രതിയുടെ ഡി.എന്‍.എ പരിശോധനക്ക് അനുമതി തേടി

ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ഡി.എന്‍.എ പരിശോധിക്കാന്‍ അനുവാദം തേടി പൊലീസ് കോടതിയെ സമീപിച്ചു.
കോടതിയുടെ അനുവാദത്തോടെ മാത്രം നടത്തുന്ന ഡി.എന്‍.എ പരിശോധന ഫലമാണ് കോടതി സ്വീകരിക്കുക. രക്തവും മുടിയും മറ്റും ഡി.എന്‍.എ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്ന് നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നു. കുറ്റപത്രത്തിനൊപ്പം ഡി.എന്‍.എ ഫലവും സമര്‍പ്പിക്കണം. കസ്റ്റഡി കാലാവധി കഴിയുന്നതോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.  ജൂണ്‍ 30 വൈകുന്നേരം 4.30 വരെയാണ് കസ്റ്റഡി കാലാവധി. വേണ്ടിവന്നാല്‍ കസ്റ്റഡി കാലാവധി നീട്ടിവാങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.