സി. കേശവന്‍ അത്യപൂര്‍വ ജനുസ്സില്‍പെട്ട കോണ്‍ഗ്രസ് നേതാവ് –മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അപൂര്‍വത്തില്‍ അപൂര്‍വം ജനുസ്സില്‍പെട്ട കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു സി. കേശവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരള ചരിത്രത്തിന്‍െറ ഭാഗമായിരുന്നു ആ ജീവിതം. നിവര്‍ത്തന പ്രക്ഷോഭം, സ്റ്റേറ്റ് കോണ്‍ഗ്രസിന്‍െറ രൂപവത്കരണം, സര്‍ സി.പിക്കെതിരായ കോഴഞ്ചേരി പ്രസംഗം തുടര്‍ന്നുള്ള ജയില്‍വാസം തുടങ്ങി  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങളിലൂടെ ചരിത്രത്തില്‍ പന്തലിച്ചുനില്‍ക്കുന്ന അദ്ദേഹത്തെ തിരു-കൊച്ചി മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ സാധിക്കില്ല. സി. കേശവന്‍െറ 125ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ സി.പിക്കെതിരെ ശബ്ദമുയര്‍ത്തിയ സി. കേശവന്‍ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന തൊഴിലാളിവര്‍ഗ നിലപാടിനൊപ്പമായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം അദ്ദേഹത്തോട് കോണ്‍ഗ്രസ് നീതികാണിച്ചില്ല. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തോടും ഇടതുപക്ഷത്തോടും അദ്ദേഹത്തിന്‍െറ മനസ്സ് അടിസ്ഥാനപരമായി ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഭഗവാന്‍ കാറല്‍ മാര്‍ക്സ് എന്ന് മാര്‍ക്സിനെ വിശേഷിപ്പിച്ച് വൈക്കത്ത് നടത്തിയ പ്രസംഗം മുതല്‍ പുന്നപ്ര സമരസേനാനികളെ നിരുപാധികം വിട്ടയക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചതില്‍ വരെ ഈ ആഭിമുഖ്യം നിഴലിച്ചുനില്‍ക്കുന്നു.

ഒരു ക്ഷേത്രം നശിച്ചാല്‍ ഒട്ടനവധി അന്ധവിശ്വാസങ്ങളും നശിക്കുമെന്ന് പറയാനുള്ള ധൈര്യം സി. കേശവന് മാത്രമേ ഉണ്ടാകൂ. ആ അഭിപ്രായം ഇന്നായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.
ചരിത്രത്തിന് മുമ്പേ നടന്ന  കോണ്‍ഗ്രസിന്‍െറ പ്രമുഖ നേതാവായിരുന്നു സി. കേശവനെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവര്‍ സംസാരിച്ചു.
ഹാഷിം രാജന്‍ എഡിറ്റ് ചെയ്ത ‘സി. കേശവന്‍ കോട്ടയം ലോക്കപ്പില്‍’ എന്ന പുസ്തകത്തിന്‍െറ പ്രകാശനം പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. സുരേഷ്കുമാര്‍ നന്ദിയും ഹാഷിം രാജന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.