രാഷ്ട്രീയ പ്രവര്‍ത്തനം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല –ഗൗരിയമ്മ

ആലപ്പുഴ: സ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതെന്ന് കെ.ആര്‍. ഗൗരിയമ്മ. ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയത് എന്തെങ്കിലും ലഭിക്കുമെന്ന് കരുതിയല്ല. അത്തരത്തിലുള്ള ഒരു സംസാരവും സി.പി.എമ്മുമായി നടത്തിയിട്ടില്ല. ബോര്‍ഡോ കോര്‍പറേഷനോ ചോദിച്ച് വാങ്ങാനല്ല പിണറായി വിജയന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിന് പോയത്. തന്നെ കാണാന്‍ വിജയന്‍ ഇവിടെ വരുകയും സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പിറന്നാള്‍ ആശംസ അര്‍പ്പിക്കാന്‍ എത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളെ സേവിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍െറ പ്രഥമ കര്‍ത്തവ്യം. ഭരണഘടന അനുശാസിക്കുന്നതും അതാണ്. വി.എസ്. അച്യുതാനന്ദന് പദവി നല്‍കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം വി.എസിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രത്യേക കമ്മിറ്റിയെ വെക്കുന്നത് നന്നായിരിക്കുമെന്ന് ഗൗരിയമ്മ നിര്‍ദേശിച്ചു. ജനോപകാരപ്രദമായ കാര്യങ്ങള്‍ നന്നായി നടത്തുന്നതിന് അത് സഹായിക്കും. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് കോടിയേരി പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചുവരുകയാണ്. ദിവസവും അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ പുരുഷന്മാരുടെ ചിന്താഗതിയില്‍ മാറ്റം വേണം. സ്ത്രീസംഘടനകളുടെ പ്രവര്‍ത്തനംകൊണ്ട് മാത്രം പരിഹാരമാകില്ല. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച കൂടുന്നതുകൊണ്ടാണ് പിറന്നാള്‍ ആശംസ അര്‍പ്പിക്കാന്‍ നേരത്തേ എത്തിയതെന്ന് കോടിയേരി പറഞ്ഞു. ജെ.എസ്.എസിന് എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.