യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് സര്‍വകലാശാല പിറക്കുന്നു

സര്‍വകലാശാലകള്‍ക്ക് കീഴില്‍ കോളജുകള്‍ രൂപം കൊള്ളുകയാണ് പതിവ്. എന്നാല്‍, കലാലയത്തില്‍ നിന്ന് സര്‍വകലാശാലയുടെ പിറവിയുണ്ടായെന്ന അപൂര്‍വതക്ക് യൂനിവേഴ്സിറ്റി കോളജിനും കേരള സര്‍വകലാശാലക്കും മാത്രമേ ഉദാഹരണമുണ്ടാകൂ. യൂനിവേഴ്സിറ്റി കോളജ് മുന്‍കൈയെടുത്തതിനെതുടര്‍ന്ന് 1937 ലാണ് തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമാകുന്നത്. സര്‍വകലാശാലയുടെ വകുപ്പുകളാകട്ടെ യൂനിവേഴ്സിറ്റി കോളിലെ വിവിധ ഡിപ്പാര്‍ട്മെന്‍റുകളായിരുന്നു. പിന്നീടാണ് കാര്യവട്ടം കാമ്പസ് യാഥാര്‍ഥ്യമാകുന്നത്.

ഐക്യകേരളപ്പിറവിക്ക് ശേഷം 1957 ലാണ് തിരുവിതാംകൂര്‍ സര്‍വകലാശാല ‘കേരള സര്‍വകലാശാല’യാകുന്നത്. സര്‍വകലാശാല എന്ന നിലയില്‍ ലൈബ്രറി അനിവാര്യമായ ഘട്ടത്തിലും തുണയായത് യൂനിവേഴ്സിറ്റി കോളജ് തന്നെ. ഇവിടെയുണ്ടായിരുന്ന 20000 ഓളം പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ആദ്യമായി യൂനിവേഴ്സിറ്റി ലൈബ്രറി ആരംഭിച്ചത്. 1949 ലാണ് ലൈബ്രറി ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറുന്നത്. അതുവരെ ആര്‍ട്സ് കോളജായിരുന്നു യൂനിവേഴ്സിറ്റി ലൈബ്രറിയുടെ ആസ്ഥാനം. ഏറെക്കാലം ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി യൂനിവേഴ്സിറ്റി കോളജില്‍ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.

പി. സുന്ദരന്‍പിള്ള, എസ്. ഗുപ്തന്‍നായര്‍, പന്മന രാമചന്ദ്രന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, തിരുനല്ലൂര്‍ കരുണാകരന്‍, ഇളംകുളം കുഞ്ഞന്‍പിള്ള, നരേന്ദ്രപ്രസാദ് തുടങ്ങിയവരെല്ലാം യൂനിവേഴ്സിറ്റി കോളജിലെ അധ്യാപകരായിരുന്നു. 1943ല്‍ ബി.എ ഓണേഴ്സിന് പഠിച്ച കെ.ആര്‍. നാരായണന്‍ മുതല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും മലയാറ്റൂര്‍ രാമകൃഷ്ണനും  സുഗതകുമാരിയും ഒ.എന്‍.വി കുറുപ്പും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത്ഗോപിയും നടന്‍ മധുവും പത്മരാജനും ബാലചന്ദ്രമേനോനും കമുകറ പുരുഷോത്തമനുമെല്ലാം ഇവിടത്തെ പൂര്‍വവിദ്യാര്‍ഥികളില്‍ ചിലര്‍. 1909 മുതലാണ് പെണ്‍കുട്ടികള്‍ക്ക് കോളജില്‍ പ്രവേശം നല്‍കിയത്. മേരി പുന്നന്‍ ലൂക്കോസാണ് ആദ്യമായി പ്രവേശം നേടുന്ന വിദ്യാര്‍ഥിനി.

 ബി.എ പാസായ ശേഷം മേരി വിദേശത്ത് പോയി മെഡിക്കല്‍ ബിരുദം നേടി. യൂനിവേഴ്സിറ്റി കോളജിന് എതിര്‍വശത്തായി  ഒരു പെണ്‍പള്ളിക്കൂടമുണ്ടായിരുന്നു. 1897ല്‍ മഹാരാജാവ് ഇത് ഗേള്‍സ് കോളജാക്കി മാറ്റി. 1920ല്‍ ഫസ്റ്റ് ഗ്രേഡ് കോളജാവുകയും മദ്രാസ് യൂനിവേഴ്സിറ്റിയുടെ അംഗീകാരം നേടുകയും ചെയ്തു. 1923 വഴുതക്കാടേക്ക് മാറിയ ഈ കലാലയമാണ് ഇന്നത്തെ വനിതാ കോളജ്.

തുടക്കം മഹാരാജാസ് ഫ്രീ സ്കൂളില്‍

മറ്റ് നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് തിരുവിതാംകൂര്‍ ആദ്യംമുതലേ ഏറെ മുന്നിലായിരുന്നു. രാജാക്കന്മാരുടെ താല്‍പര്യവും ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. 1818ല്‍ റവ. ചാല്‍സ് മീഡ് നാഗര്‍കോവിലില്‍ ക്രിസ്ത്യന്‍ മിഷനറി സ്കൂള്‍ സ്ഥാപിച്ചിരുന്നു. സ്വാതി തിരുനാളാണ് അന്ന് തിരുവിതാംകൂറിന്‍െറ ഭരണാധികാരി. 1834ല്‍ അദ്ദേഹം മിഷനറി സ്കൂള്‍ സന്ദര്‍ശിക്കുകയും അവിടെ പ്രധാനാധ്യാപകനായിരുന്ന ജോണ്‍ റോബര്‍ട്ട്സിനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ 1834ല്‍ റോബര്‍ട്ട്സ് ഇവിടെയത്തെുകയും ഇന്നത്തെ ആയുര്‍വേദ കോളജ് നിലനില്‍ക്കുന്ന സ്ഥലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ സഹകരണത്തോടെ ഒരു ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതാണ് യൂനിവേഴ്സിറ്റി കോളജിലേക്കുള്ള വഴിയിലെ ആദ്യ നാഴികക്കല്ല്. 1836ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മഹാരാജാസ് ഫ്രീ സ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.