റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമനം: മന്ത്രിക്കുമുകളില്‍ ‘സൂപ്പര്‍ മന്ത്രി’യായി ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍

തിരുവനന്തപുരം: അടിയന്തര സ്വഭാവത്തില്‍ വിദ്യാഭ്യാസമന്ത്രി കണ്ട് ഒപ്പുവെച്ച റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമന ഫയലില്‍ ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്.  ഇവരുടെ നിയമനം വൈകുന്നത് സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനം നിഷേധിക്കുകയാണ്. പുനര്‍ നിയമന ഉത്തരവ് വൈകുന്നതിനെതിരെ ഡയറക്ടറേറ്റിനുമുന്നില്‍ അധ്യാപകര്‍ സമരത്തിനൊരുങ്ങുകയാണ്.

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള  717 റിസോഴ്സ് അധ്യാപകരുടെ പുനര്‍നിയമനമാണ് വിഭ്യാഭ്യാസമന്ത്രി ഫയലില്‍ ഒപ്പിട്ടിട്ടും ഡി.പി.ഐ ഒപ്പിട്ടില്ളെന്ന സാങ്കേതികത്വം പറഞ്ഞ് തടഞ്ഞുവെച്ചിരിക്കുന്നത്. ജൂണ്‍ ഏഴിന് മന്ത്രി ഒപ്പിട്ട് ഫയല്‍ ഡി.പി.ഐയിലെ ബന്ധപ്പെട്ട ഐ.ഇ.ഡിക്ക് വിട്ടിരുന്നു.
ഈ ഫയല്‍ ഡി.പി.ഐയുടെ  ചുമതലയുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍  ഒപ്പിടാത്തതാണ് അധ്യാപക പുനര്‍ നിയമനം വൈകാന്‍ കാരണം. ഫയല്‍ ബന്ധപ്പെട്ട ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കൈമാറാന്‍ തയാറായിട്ടില്ളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഫയല്‍ നീങ്ങിയെങ്കിലും ഡെപ്യൂട്ടി ഡയറക്ടര്‍ താമസിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നടപടി വൈകുകയായിരുന്നു. അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ സ്കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ റിസോഴ്സ് അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയായി.  ഇതോടൊപ്പം സ്കൂളുകളില്‍ നിയമിക്കേണ്ട സ്പീച്ച്, ഫിസിയോ തെറപ്പിസ്റ്റുകളുടെയും ഗുരുതര ചലനശേഷി കുറവുള്ള കുട്ടികള്‍ക്ക് സഹായത്തിനായുള്ള അറ്റന്‍ഡര്‍മാരുടെ നിയമനവും ഇതുവരെ നടന്നിട്ടില്ല.

കഴിഞ്ഞ എട്ടിന്  മന്ത്രി ഒപ്പിട്ട ഫയല്‍ ഒമ്പതിന്  രാവിലെ തന്നെ ഡി.പി.ഐക്ക് നല്‍കിയെന്ന് ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നു. തിങ്കളാഴ്ച ഡി.പി.ഐ ഫയല്‍ ഒപ്പിട്ട് നല്‍കിയാല്‍ അധ്യാപകരെ പുനര്‍നിയമിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ ഡയറ്റുകള്‍ക്ക് മെയില്‍ ചെയ്ത് അധ്യാപകര്‍ക്ക് നല്‍കുമെന്നും ആരോപണങ്ങളില്‍ കഴമ്പില്ളെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.