ഗ്രാമസഭകളുടെ അധികാരത്തില്‍ കൈയിട്ട് കേന്ദ്രത്തിന്‍െറ ഭവനപദ്ധതി

കല്‍പറ്റ: വാര്‍ഡടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമസഭകളുടെയും അയല്‍സഭകളുടെയും അധികാരത്തില്‍ ഇടപെട്ട് കേന്ദ്ര ഭവനപദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിവന്നിരുന്ന ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പേരുമാറ്റി പ്രധാനമന്ത്രി ആവാസ് യോജനയായി മാറിയതോടെ നിരവധി കുടുംബങ്ങള്‍ പദ്ധതിയില്‍നിന്ന് പുറത്താകും.

പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരമായിരിക്കണമെന്ന കേന്ദ്ര വ്യവസ്ഥയാണ് പുലിവാലായത്. ഇന്ദിര ആവാസ് യോജനക്ക് വേണ്ടി 2015ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ വീട് ലഭിക്കാത്തവരായി വിവിധ പഞ്ചായത്തുകളില്‍ ധാരാളം പേര്‍ ബാക്കിയുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും വീട് കാത്തുനില്‍ക്കുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ പുതിയ സാഹചര്യത്തില്‍ പദ്ധതിക്ക് പുറത്താകും. 2011ല്‍ തയാറാക്കിയ സെന്‍സസ് കരട് ലിസ്റ്റില്‍ മുന്‍പദ്ധതി പ്രകാരം വെയ്റ്റിങ് ലിസ്റ്റിലുള്ള പലരും ഉള്‍പ്പെട്ടിട്ടില്ളെന്നും പരാതിയുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അനുവദിച്ച 13,000ത്തോളം വീടുകള്‍ കേരളത്തിന്‍െറ ആവശ്യവുമായി തട്ടിച്ചുനോക്കിയാല്‍ വളരെ കുറവാണ്.
വീടില്ലാത്തവരുടെ മുഴുവന്‍ വിവരം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരം ലഭ്യമാണെന്നാണ് കേന്ദ്രത്തിന്‍െറ അവകാശവാദം. എന്നാല്‍, ഈ ലിസ്റ്റില്‍ വീടില്ളെന്ന് കാണിച്ചിരിക്കുന്ന പലരും യഥാര്‍ഥ ആവശ്യക്കാരല്ളെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഒഴുക്കന്‍മട്ടില്‍ ഫോറം പൂരിപ്പിച്ചപ്പോള്‍ നിലവില്‍ വീടുള്ളവരും ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ടത്രേ. മുമ്പ് വിവിധ പദ്ധതികള്‍ വഴി വീട് ലഭിച്ചവരും അതുപ്രകാരം പുതിയ ഗുണഭോക്താക്കളാവും.

അഞ്ചുവര്‍ഷം മുമ്പ് നടന്ന സര്‍വേ ആയതിനാല്‍ അതിനുശേഷമുണ്ടായ കുടുംബങ്ങള്‍ക്ക്, അവര്‍ വീടിന് അര്‍ഹരാണെങ്കിലും ഈ ലിസ്റ്റില്‍ ഇടംകിട്ടില്ല.
ഇന്ദിര ആവാസ് യോജന പ്രകാരം ഭവനങ്ങള്‍ നല്‍കുന്നതിനായി ഗുണഭോക്താക്കളുടെ അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരം സാധ്യതാലിസ്റ്റ് തയാറാക്കാന്‍ ഓരോ പഞ്ചായത്തുകള്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് 2015ല്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ് 2015 ഫെബ്രുവരി 10ന് മുമ്പായി തയാറാക്കുകയും 15ന് മുമ്പായി ബ്ളോക് പഞ്ചായത്തിലും 20ന് മുമ്പായി ജില്ലാ പഞ്ചായത്തിലും അവതരിപ്പിച്ച് അംഗീകാരം നേടി ആവാസ് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യണം എന്നായിരുന്നു നിര്‍ദേശിക്കപ്പെട്ടത്.

ഇത്തരത്തില്‍ ലിസ്റ്റ് തയാറാക്കുന്നതിന് ഗ്രാമവികസന വകുപ്പ്  ബ്ളോക്, ജില്ല, സംസ്ഥാന തലങ്ങളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍, ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍, വിധവകള്‍, വിവാഹമോചനം നേടിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, പീഡനങ്ങള്‍ക്കുവിധേയമായവര്‍, മൂന്നുവര്‍ഷത്തിലേറെയായി ഭര്‍ത്താവിനെ കാണാതായവര്‍, കുടുംബനാഥകളായ സ്ത്രീകള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെടുന്നവര്‍, സൈനിക സേവനത്തിനിടെ മരിച്ചവരുടെ വിധവ, മറ്റ് ഭവനരഹിതരായ ബി.പി.എല്‍ കുടുംബങ്ങള്‍ എന്നീ കാറ്റഗറിയിലുള്ളവരെയാണ് ഗ്രാമസഭകള്‍ ചര്‍ച്ചചെയ്ത്, ശേഷം വാര്‍ഡ് വികസന സമിതികള്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. അതിനാല്‍തന്നെ ഓരോ വാര്‍ഡിലെയും ഏറ്റവും അര്‍ഹരായവര്‍ക്ക് വീട് ലഭ്യമാക്കുന്നതിന് സാധിച്ചിരുന്നു.

എന്നാല്‍, പുതിയ തീരുമാനംവഴി അനര്‍ഹരായവരിലേക്ക് ആനുകൂല്യങ്ങള്‍ വഴിമാറിപ്പോകുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. മാത്രമല്ല, പഴയ ലിസ്റ്റിലുള്ളവരെ പുതിയ പദ്ധതിയിലേക്ക് ചേര്‍ക്കാനും സാധിക്കില്ല. ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടത്തൊന്‍ സഹായിക്കുന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തെ നോക്കുകുത്തിയാക്കുന്നതാണ് പുതിയ പരിഷ്കാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.