അനാവശ്യമായി ഫയലുകൾ താമസിപ്പിച്ചാൽ മറുപടി പറയേണ്ടിവരും –ഉദ്യോഗസ്ഥരോട്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തുന്ന  ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനമെടുക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറരുതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങളുടെ മുന്നിൽ എത്തുന്ന ഫയലിൽ  ജീവിതം ഉണ്ടെന്ന കരുതലോടെയാവണം ഓരോ ഫയലിനെയും സമീപിക്കേണ്ടതെന്ന് പിണറായി ജീവനക്കാരോട് പറഞ്ഞു. കുടുംബത്തിെൻറയും വ്യക്തിയുെടയും നാടിെൻറയും ജീവിതമാണ് ഫയലുകളിൽ ഉള്ളത്. മിക്കവാറും ഫയലുകളിൽ നിങ്ങൾ എഴുതുന്ന കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകൾക്ക്. പ്രതീക്ഷക്കു വിരുദ്ധമായി പ്രതികൂല പരാമർശം വന്നാൽ ജീവിതം തന്നെ തകർന്നു എന്നു കരുതുന്നവരുണ്ട്. എല്ലാ ഫയലുകളിലും അനുകൂലമായി എഴുതണമെന്നല്ല. എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്നതായിരിക്കണം ഫയൽ നോക്കുമ്പോഴുള്ള അടിസഥാന സമീപനം -പിണറായി പറഞ്ഞു.

നമ്മുടെ നാട്ടിൽ ഇപ്പോഴും തുടരുന്നത് ബ്രിട്ടീഷുകാർ സ്വീകരിച്ച ഫയൽ നോട്ടരീതിയാണെന്ന് പിണറായി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ  അനുവദിക്കാതിരിക്കാം എന്നതാണ്  കൊളോണിയൽ സമ്പ്രദായത്തിലെ ഫയൽനോട്ട രീതി. ഇതിൽ വലിയ മാറ്റം വന്നിട്ടില്ല. നെഗറ്റീവ് ഫയൽ നോട്ട സമ്പ്രദായം മാറ്റി പോസിറ്റീവ് ഫയൽനോട്ട രീതിയിലേക്കു മാറണം. സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്കു വേണ്ടി എന്നതല്ല, ഉദ്യോഗസ്ഥർ സർക്കാറിനു വേണ്ടി എന്നതാണ് ശരി. സർക്കാർ എന്നത് ജീവനക്കാർക്കു വേണ്ടിയുള്ള സംവിധാനമല്ല. പല പ്രശ്നങ്ങളുമായി സമീപിക്കുന്ന സാധാരണക്കാർ നമ്മിൽ നിന്ന് സേവനമാണ് പ്രതീക്ഷിക്കുന്നത്. അവരുണ്ടെങ്കിലേ തങ്ങൾ ഉള്ളൂ എന്ന ചിന്ത സ്വാഭാവികമായും ജീവനക്കാർക്കുണ്ടാവണം.

ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. അത്തരക്കാരെ സർക്കാർ സംരക്ഷിക്കുകയുമില്ല. അതേസമയം, സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാവുമെന്നും പിണറായി പറഞ്ഞു. നിലവിലുള്ള വീഴചകൾക്ക് ഉത്തരവാദി ജീവനക്കാരാണെന്ന അഭിപ്രായം സർക്കാറിനില്ല. സമൂഹത്തെയാകെ ബാധിച്ച അലസത ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കണം. സെക്രട്ടേറിയറ്റിന് ഒരു ദുഷ്പേരുണ്ട്. രാവിലെ വന്നു കഴിഞ്ഞാൽ കസേരയിൽ ഉണ്ടാവുന്ന ജീവനക്കാരുടെ എണ്ണം വളരെ ചുരുക്കമാണ്. അതിന് മാറ്റമുണ്ടാവണം. ഓഫിസ് സമയത്ത് അവരവരുടെ ചുമതല അവിടെ ഇരുന്ന് നിർവഹിക്കണം. ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. കല, സാഹിത്യ വാസനകളുള്ളവർ  ഓഫിസ് സമയത്ത് അത് പരിപോഷിപ്പിക്കാൻ നോക്കണ്ട. അതിനു വേറെ സമയം കണ്ടെത്തണം.

ഭരണം എന്നത് തുടർച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികൾ മാറിവരും. ഭരണം എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, കൂടുതൽ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളിൽ പുതിയ സർക്കാറിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവൻ ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.