റെയില്‍വേ നവീകരണം പൂര്‍ത്തിയായി; സര്‍വിസ് സാധാരണ നിലയില്‍

പാലക്കാട്: ശനിയാഴ്ച വൈകീട്ടോടെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനം കമ്പ്യൂട്ടര്‍ നിയന്ത്രിത ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിങ് (ഇ.ഐ) സംവിധാനത്തിലേക്ക് മാറി. പഴയ റെയില്‍ റൂട്ട് ഇന്‍റര്‍ ലോക്കിങ് (ആര്‍.ആര്‍.ഐ) ചരിത്രത്തിന്‍െറ ഭാഗമായി. നവീകരണ ജോലി പൂര്‍ത്തിയായതിനാല്‍ ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വിസ് സാധാരണ നിലയിലായതായി റെയില്‍വേ അറിയിച്ചു.

പൊള്ളാച്ചി പാതയിലെ ട്രെയിനുകളുടെ പ്രവേശം സാധ്യമാക്കാന്‍കൂടി ലക്ഷ്യമിട്ട് പുതിയ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ പ്രവൃത്തി പൂര്‍ത്തിയാക്കി. വൈകാതെ സ്റ്റേഷന്‍െറ പ്രവേശ കവാടത്തോട് ചേര്‍ന്നുള്ളത് ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമായി മാറും. നിലവിലുള്ള ഒന്ന് രണ്ടും തുടര്‍ന്നുള്ളവ അതിനനുസരിച്ചും മാറും.
ഗുഡ്സ്ലൈന്‍, പാസഞ്ചര്‍ ലൈനുകളുടെ നീളംകൂട്ടല്‍ ജോലി പൂര്‍ത്തിയാക്കി. മൗസ് ക്ളിക്ക് കൊണ്ട് റെയില്‍ ഗതാഗത നിയന്ത്രണം സാധ്യമാക്കും വിധമാണ് പുതിയ സംവിധാനം. റൂട്ട് റിലേ, ട്രാക് മാറ്റല്‍ സിഗ്നലിങ് തുടങ്ങിയവ എളുപ്പമാവും.

ഇപ്പോഴും ഏതാണ്ടെല്ലാ റെയില്‍വേ സ്റ്റേഷനിലും പഴയ ആര്‍.ആര്‍.ഐ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്. പൊള്ളാച്ചി പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഇ.ഐ സംവിധാനം മുമ്പേ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് ഇ.ഐ യൂനിറ്റുകളാകും ജങ്ഷനില്‍ പ്രവര്‍ത്തിക്കുക. ജര്‍മനി ആസ്ഥാനമായ സിമെന്‍റ്സ് കമ്പനിയാണ് ഇത് നിര്‍മിച്ചത്. ഒന്ന്, രണ്ട് പ്ളാറ്റ്ഫോമുകളുടെ നീളം 650ല്‍നിന്ന് 715 മീറ്ററായി കൂട്ടി. 32 വാഗണുകള്‍ നിര്‍ത്താവുന്ന ട്രാക്കില്‍ ഇനി മുതല്‍ 42 വാഗണുകള്‍  ഒരുമിച്ച് നിര്‍ത്താം. ഗുഡ്സ് ട്രെയിനുകളുടെ നീക്കം കാരണം യാത്രാവണ്ടികള്‍ വൈകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയും.പുതുതായി നിര്‍മിക്കുന്ന പ്ളാറ്റ്ഫോമിന്‍െറ ട്രാക് ലിങ്കിങ് ജോലികളും പൂര്‍ത്തിയായി. ഇത്രയും ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ സ്റ്റേഷന്‍െറ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ ഏറെ നേരം സ്റ്റേഷന്‍െറ ഒൗട്ടില്‍ സിഗ്നല്‍ കാത്തുകിടക്കുന്ന ദുരിതത്തിനാണ് അറുതിവരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.