പരവൂര്‍ വെടിക്കെട്ട് ദുരന്തം: കേന്ദ്ര കമീഷന്‍ സിറ്റിങ് അവസാനിച്ചു

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര കമീഷന്‍ നടത്തി വന്ന സിറ്റിങ് അവസാനിച്ചു. കലക്ടറും സിറ്റി പൊലീസ് കമീഷണറും അടക്കമുള്ളവരാണ് ശനിയാഴ്ച മൊഴി നല്‍കിയത്. മത്സരക്കമ്പം ആണെന്നറിഞ്ഞ് വെടിക്കെട്ട് നിരോധിച്ചിരുന്നെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ മൊഴി നല്‍കി. ജില്ലാ ഭരണകൂടത്തിന് നിരോധ ഉത്തരവ് നല്‍കാനേ കഴിയൂ. ഏത് സാഹചര്യത്തിലാണ് വെടിക്കെട്ട് നടന്നതെന്ന് അറിയില്ളെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ പൊലീസ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ളെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് മൊഴി നല്‍കി. അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടില്ല. ക്ഷേത്രത്തില്‍ കമ്പം ആരംഭിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചെന്നും ബലപ്രയോഗം നടത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു അന്നത്തെ പരവൂര്‍ സി.ഐ ചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം മൊഴി നല്‍കിയത്. രേഖാമൂലമോ വാക്കാലോ വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ളെന്നായിരുന്നു അന്നത്തെ എ.ഡി.എം എസ്. ഷാനവാസിന്‍െറ മൊഴി.

കലക്ടറുടെ നിരോധ ഉത്തരവ് നിലവില്‍ വന്നശേഷം വെടിക്കെട്ട് നടത്താന്‍ എ.ഡി.എം വാക്കാല്‍ അനുമതി നല്‍കിയിരുന്നെന്ന് ക്ഷേത്രഭാരവാഹികള്‍ നേരത്തേ മൊഴി കൊടുത്തിരുന്നു. നിയമപരമല്ലാത്ത ഒന്നും ചെയ്തിട്ടില്ളെന്നും ക്ഷേത്രഭാരവാഹികളാരും തന്നെ വിളിച്ചിട്ടില്ളെന്നുമുള്ള നിലപാടിലായിരുന്നു ഷാനവാസ്. വെടിക്കെട്ട് ദുരന്തം നടക്കുമ്പോള്‍ എ.ഡി.എമ്മിന്‍െറ അധികച്ചുമതലയുണ്ടായിരുന്ന ഷാനവാസിനെ പിന്നീട് സര്‍ക്കാര്‍ പദവിയില്‍നിന്ന് നീക്കിയിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുകയും മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാരില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

കോണ്‍ക്രീറ്റ് കമ്പപ്പുര പൊട്ടിച്ചിതറിയുണ്ടായ സ്ഫോടനമാണ് മരണസംഖ്യ ഉയര്‍ത്തിയതെന്നും പൊള്ളലേറ്റവരുടെ എണ്ണം കുറവായിരുന്നെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ചെന്നൈ എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ഡോ. എ.കെ. യാദവ് പറഞ്ഞു. സമന്‍സ് നല്‍കിയിട്ടും മൊഴി നല്‍കാന്‍ എത്താതിരുന്നവര്‍ക്ക് ഹാജരാകാന്‍ വീണ്ടും സമന്‍സ് അയക്കും.
അന്വേഷണസംഘത്തിന്‍െറ നിര്‍ദേശം അനുസരിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് തിരിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ എത്താനായില്ല. പരിക്കുകളത്തെുടര്‍ന്ന് ചികിത്സയിലാണെന്നും പിന്നീട് ഹാജരായി മൊഴി നല്‍കാന്‍ തയാറാണെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ രാജേഷ് ഉളിയക്കോവില്‍ അന്വേഷണസംഘത്തെ അറിയിച്ചു. ചികിത്സയിലായതിനാല്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ളെങ്കില്‍ അഭിഭാഷകന്‍ മുഖേന വിശദീകരണം എഴുതി നല്‍കിയാല്‍ മതിയെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചു. കമ്പം നടത്താന്‍ പീതാംബരക്കുറുപ്പിന്‍െറ സഹായം ലഭിച്ചെന്ന് ക്ഷേത്രഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്‍റ് ചീഫ് കണ്‍ട്രോളര്‍ ജി.എം. റെഡ്ഡി, കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.ബി. രാധാകൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വെടിക്കെട്ടിന് നിരോധമല്ല, നിയന്ത്രണമാണ് വേണ്ടത്
കൊല്ലം: വെടിക്കെട്ട് നിരോധിക്കുന്നതിനോട് യോജിപ്പില്ളെന്നും നിയന്ത്രണങ്ങളോടെ നടത്തണമെന്നും കേന്ദ്ര കമീഷനോട് വിവിധ വെടിക്കെട്ട് സംഘാടകര്‍. പരവൂരിലെ അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെടിക്കെട്ട് നടക്കുന്ന ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭാരവാഹികള്‍ക്ക് ഹാജരാകാന്‍ കമീഷന്‍ സമന്‍സ് അയച്ചിരുന്നു. വെടിക്കെട്ട് നടത്തിപ്പിനെക്കുറിച്ചും വേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും അഭിപ്രായം ആരായാനായിരുന്നു സിറ്റിങ്. തൃശൂര്‍ പൂരം, നെന്മാറ വേല, ഊത്രാളിക്കാവ് പൂരം, പാവറട്ടി പള്ളിപ്പെരുന്നാള്‍, കുറ്റിയംകാവ് പൂരം തുടങ്ങിയവയുടെ നടത്തിപ്പ് ചുമതലയുള്ള സംഘാടകര്‍ സിറ്റിങ്ങിനത്തെി. തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും നെന്മാറ വേല സംഘടിപ്പിക്കുന്ന നെന്മാറ, വല്ലങ്ങി ദേശക്കാരും കമീഷനോട് നിര്‍ദേശങ്ങള്‍ അറിയിച്ചു. വെടിക്കെട്ട് വേണ്ടെന്ന ആവശ്യം ആരും ഉന്നയിച്ചില്ല. അപകടകരമല്ലാത്ത രീതിയില്‍ വെടിക്കെട്ട് നടത്തണം. ശബ്ദം കുറച്ച് വര്‍ണാഭമായാണ് നടത്തേണ്ടത്. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ അപകടമുണ്ടായത് അശ്രദ്ധ കൊണ്ടാണെന്നും സംഘാടകര്‍ കമീഷനോട് പറഞ്ഞു. വെടിക്കെട്ട് നിരോധിക്കുന്ന രീതിയിലുള്ള നീക്കമുണ്ടാകരുതെന്ന് സംഘാടകര്‍ കമീഷനോട് അഭ്യര്‍ഥിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.