അകത്തും പുറത്തുമല്ലാതെ 15 കുട്ടികള്‍

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂളില്‍ പുതുതായി പ്രവേശംനേടിയ 15 കുട്ടികളുടെ കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം. സ്കൂളില്‍ പുതിയ കുട്ടികളെ പ്രവേശിപ്പിച്ചുവെന്ന് സംരക്ഷണ സമിതിക്കാര്‍ അവകാശപ്പെടുന്നുവെന്നല്ലാതെ ഔദ്യാഗിക രേഖകളിലൊന്നും ഇവരുടെ പേരില്ലാത്തതാണ് പ്രശ്നം. ഒന്നാം ക്ളാസില്‍ എട്ടും രണ്ടു മുതല്‍ ഏഴു വരെ ക്ളാസുകളിലായി ഏഴും പേരെയാണ് പുതുതായി പ്രവേശിപ്പിച്ചത്.
എന്നാല്‍, സ്കൂളിലെ പ്രവേശ രജിസ്റ്ററിലോ ഹാജര്‍ബുക്കിലോ ഈ കുട്ടികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. സ്കൂള്‍ അടച്ചുപൂട്ടി ഹൈകോടതിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നതാണ് കാരണം.

സ്കൂള്‍ അടച്ചുപൂട്ടി കെട്ടിടവും ഭൂമിയും മാനേജര്‍ക്ക് കൈമാറുന്ന നടപടി മാത്രമാണ് ഇനി നടക്കാനുള്ളത്.സ്കൂള്‍ പൂട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. പ്രവേശനോത്സവവും സ്കൂള്‍ പ്രവര്‍ത്തനവുമെല്ലാം ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടന്നത്.പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രധാനാധ്യാപിക സ്കൂളില്‍ എത്തുന്നില്ല. ഫയലുകളുടെ ഉടമയെന്ന നിലക്ക് രജിസ്റ്ററുകളെല്ലാം ഇവരുടെ കൈവശമാണ്.

പ്രധാനാധ്യാപികയും മാനേജറുടെ ഭാര്യയും ഒഴികെ മറ്റ് ആറ് അധ്യാപകരും സ്കൂളില്‍ വരുന്നുണ്ട്. പുതുതായെത്തിയ 15ല്‍ ഏഴുപേര്‍ മറ്റ് സ്കൂളുകളില്‍നിന്ന് ടി.സി വാങ്ങിയെത്തിയവരാണ്. മലാപ്പറമ്പ് സ്കൂളിലേക്ക് വിടുതല്‍ എന്നാണ് ഇവര്‍ ടി.സിയില്‍ രേഖപ്പെടുത്തിയത്. ‘സമ്പൂര്‍ണ’ സോഫ്റ്റ്വെയറില്‍ മലാപ്പറമ്പ് സ്കൂളിന്‍െറ പേര് വന്നതുമാത്രമാണ് ഈ കുട്ടികള്‍ക്കുള്ള ഏക ആശ്വാസം.
ഔദ്യാഗികമായി സ്കൂള്‍ നിലവിലില്ലാത്തതിനാല്‍ ഉച്ചഭക്ഷണത്തിനുള്ള അരിയും പയറും എ.ഇ.ഒ അനുവദിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷത്തെ സ്റ്റോക് ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. സ്കൂള്‍ അടച്ചുപൂട്ടാത്തതിന് കോടതിയലക്ഷ്യ നടപടി നേരിടുന്നതിനാല്‍ ഉച്ചഭക്ഷണത്തിനുള്ള ഏര്‍പ്പാട് ചെയ്തുകൊടുക്കുന്നത് എങ്ങനെയെന്നാണ് എ.ഇ.ഒ ഓഫിസ് ചോദിക്കുന്നത്. ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്ക് എടുക്കുന്നതും എ.ഇ.ഒ ഓഫിസിന്‍െറ അജണ്ടയിലില്ല. സ്കൂള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഇക്കാര്യവും സ്വന്തമായി ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.പുതുതായെത്തിയ 15 പേര്‍ ഉള്‍പ്പെടെ 57 കുട്ടികളാണ് സ്കൂളിലുള്ളത്.

പുതിയ കുട്ടികള്‍ രേഖകളിലില്ലാത്തതിനാല്‍ സര്‍ക്കാര്‍ കണക്കില്‍ 42 പേരാണുണ്ടാവുക.ഹൈകോടതി ഉത്തരവ് പ്രകാരം ജൂണ്‍ എട്ടിനകം സ്കൂള്‍ അടച്ചുപൂട്ടണം. ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. അനുകൂലമായ വിധി വരുമെന്നാണ് കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.