അവധിക്കാലത്തിന് വിട, സ്കൂളുകൾ തുറന്നു

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഈ വർഷം സ്കൂളിലെത്തിയ രണ്ടു കുരുന്നുകളോടൊപ്പമാണ് വിദ്യാഭ്യാസ മന്ത്രി ഭദ്രദീപം തെളിയിച്ചത്.

പട്ടം സ്കൂളില്‍ മൂന്ന് ക്ലാസ്റൂമുകളാണ് നവാഗതര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രവേശനോല്‍സവത്തിന് സ്വാഗതമോതാന്‍ വിദ്യാര്‍ഥികളുടെ സംഗീത നൃത്തപരിപാടികളും സംഘടിപ്പിച്ചിരുന്നു. ശിവദാസ് പൊറമേരി രചിച്ച് എസ്.സി.ഇ.ആർ.ടി റിസേര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണനാണ് ഈണം പകര്‍ന്ന സ്വാഗതഗാനം പി.ജയചന്ദ്രനാണ് പാടിയത്.

സംസ്ഥാനത്തൊട്ടാകെ മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തിയത്. നവാഗതരെ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും ഒരുങ്ങിയിരുന്നു. ആദ്യക്ഷരം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്ക് മധുരം നല്‍കിയും വിസ്മയകാഴ്ചകള്‍ ഒരുക്കിയുമായിരുന്നു പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചത്. മധുരംനല്‍കിയും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചുമാണ് കുരുന്നുകളെ സ്കൂളുകളിലേക്ക് വരവേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.