ലൈസന്‍സില്ലാത്ത സോഫ്റ്റ് വെയറുകള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ നിരോധം

തിരുവനന്തപുരം: ലൈസന്‍സില്ലാത്തതും നിയമാനുസൃതമല്ലാതെ വിതരണം ചെയ്യുന്നതുമായ സോഫ്റ്റ്വെയറുകള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ നിരോധം. പകര്‍പ്പവകാശം ലംഘിച്ച് ഉപയോഗിക്കുന്ന വാണിജ്യ സോഫ്റ്റ്വെയറുകള്‍ സര്‍ക്കാറിന്‍െറ വിവരസാങ്കേതിക ആസ്തികള്‍ക്ക് സുരക്ഷാഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ഓഫിസുകളിലെ വ്യാജ സോഫ്റ്റ്വെയറുകളുടെ ഉപയോഗം നിയമലംഘനമാണെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റ്, സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, തദ്ദേശസ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലടക്കം നിര്‍ദേശങ്ങള്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കാനാണ് വിജ്ഞാപനം. കേന്ദ്രസര്‍ക്കാറിന്‍െറ ഐ.ടി നയപ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫിസും നിര്‍ബന്ധമായും സ്വതന്ത്ര സോഫ്റ്റ്വെയറുകളിലേക്ക് മാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍, സെക്രട്ടേറിയറ്റിലൊഴികെ മറ്റ് ഓഫിസുകളില്‍ വാണിജ്യ സോഫ്റ്റ്വെയറുകളുടെ പകര്‍പ്പവകാശമില്ലാത്ത പതിപ്പുകള്‍ ഉപയോഗിക്കുന്നെന്നാണ് വിവരം. സമീപകാലത്ത് ഇത്തരം ഉപയോഗം അമിതമായതായും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വ്യാജ വെബ്സൈറ്റുകളിലൂടെയാണ് മിക്കവാറും ഇവ ലഭിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഘടകങ്ങള്‍കൂടി വ്യാജസോഫ്റ്റ്വെയറുകളില്‍ രഹസ്യമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് കണ്ടത്തെല്‍. വ്യാജ പകര്‍പ്പുകളില്‍ നിയമാനുസൃത അപ്ഡേറ്റുകളും ലഭിക്കില്ല. കാലികമായ പരിഷ്കാരങ്ങള്‍ വരുത്താനാകാത്തത് വിലപ്പെട്ട ഫയലുകളുടെയും രേഖകളുടെയും സുരക്ഷയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ വൈറസ് ആക്രമണങ്ങളില്‍നിന്ന് സുരക്ഷിതമാണ്. സാമ്പത്തിക ബാധ്യതയുമുണ്ടാക്കില്ല.

ഏതെങ്കിലും സാഹചര്യത്തില്‍ ലൈസന്‍സ് സോഫ്റ്റ്വെയറുകള്‍ അനിവാര്യമായി വന്നാല്‍ ബന്ധപ്പെട്ട ഉന്നതാധികാരികളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി കിട്ടിയാല്‍ ഇ-ടെന്‍ഡര്‍ മുഖേനയേ സോഫ്റ്റ്വെയര്‍ വാങ്ങാന്‍ പാടുള്ളൂവെന്നും ഉത്തരവിലുണ്ട്. സോഫ്റ്റ്വെയറുകള്‍ക്ക് പകര്‍പ്പവകാശ നിയമത്തിന്‍െറ പരിരക്ഷയുള്ളതിനാല്‍ അനുമതിയില്ലാതെ അവ വിതരണം ചെയ്യുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യരുത്. ഓഫിസുകളില്‍ ഉചിത സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയറായ ‘ഉബുണ്ടു’വാണ് സെക്രട്ടേറിയറ്റിലടക്കം ഉപയോഗിക്കുന്നത്. ഇത് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.