??????

എസ്.ഐ വിമോദിനെതിരെ മനുഷ്യാവകാശ കമീഷന്‍െറ നടപടി

കോഴിക്കോട്: ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്‍െറ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്.ഐ വിമോദിനെതിരെ ശനിയാഴ്ച മനുഷ്യാവകാശ കമീഷന്‍െറയും നടപടി. മാനാഞ്ചിറ പരിസരത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ പ്രാകൃതശിക്ഷക്കു വിധേയരാക്കിയതിന്‍െറ പേരിലാണ് കമീഷന്‍ കേസെടുത്തത്. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ ഓപറേഷന്‍ ഇടിമിന്നലിന്‍െറ ഭാഗമായി പിടികൂടി ഒറ്റക്കാലില്‍ അമ്പത് തവണ ചാടുക, നൂറുതവണ കൈവിട്ട് പുഷ്അപ് എടുക്കുക, പെണ്‍കുട്ടികളെ മേലില്‍ ശല്യപ്പെടുത്തില്ളെന്ന് ഉച്ചത്തില്‍ പ്രതിജ്ഞയെടുക്കുക തുടങ്ങിയ ശിക്ഷാവിധികളാണ് നടപ്പാക്കിയത്. ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജൂഡീഷ്യല്‍ അംഗം പി. മോഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം മാധ്യമങ്ങളില്‍ വന്നത്. മുപ്പതോളം യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും സംഭവത്തിന് സാക്ഷികളായിരുന്നു.

ഇതുകൂടാതെ വിമോദിനെക്കുറിച്ച് നേരത്തെയും പരാതികളുയര്‍ന്നിട്ടുണ്ട്. പൊലീസ് സേനക്കകത്തും പൊതുജനങ്ങള്‍ക്കിടയിലും ഇയാള്‍ക്കെതിരെ മുമ്പും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് പുനലൂര്‍ സ്റ്റേഷനില്‍ പ്രൊബേഷന്‍ എസ്.ഐ ആയിരിക്കെ വിമോദ് പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനടുത്ത് വാഹനാപകടം ഉണ്ടായപ്പോള്‍ പൊലീസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തതില്‍ പ്രകോപിതനായ എസ്.ഐ ലേഖകനെ ജനങ്ങളുടെ മുന്നില്‍വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടുമുണ്ട് അഴിച്ചുകളയുകയും ചെയ്തു. വാഹനാപകട വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍വെച്ചായിരുന്നു എസ്.ഐയുടെ മര്‍ദനം. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു ശ്രമിച്ചു. തുടര്‍ന്ന് വഴിയാത്രികനെ അറസ്റ്റ് ചെയ്തു. തന്നെ കൈയേറ്റം ചെയ്തെന്ന കള്ളക്കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും എസ്.ഐ കള്ളക്കേസ് ചുമത്തി. ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും യൂനിഫോം നശിപ്പിച്ചെന്നും കൈയേറ്റം ചെയ്തെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍, അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കി.

വിമോദിനെതിരെ അന്നത്തെ ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴും ഇയാള്‍ നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞിരുന്നു. കോതി പാലത്തില്‍ അപകട മരണമുണ്ടായപ്പോള്‍ പ്രതിഷേധിച്ച നാട്ടുകാരെ നേരിട്ടതും മോശമായിട്ടായിരുന്നു. അന്യായ വാഹനപരിശോധന ചോദ്യംചെയ്തവരെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളികളോടും ധിക്കാരത്തോടെയാണ് ഇയാളുടെ പെരുമാറ്റമെന്ന് തൊഴിലാളികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT