കാനം ഇടത് ഐക്യം ദുര്‍ബലപ്പെടുത്തുന്നെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

കൊച്ചി: സി.പി.എം വിട്ട വിമതരെ സ്വാഗതം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം. സി.പി.ഐയില്‍ ചേര്‍ന്ന വിമതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാന്‍ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പങ്കെടുത്ത കാനത്തെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റാണ് പരസ്യമായി വിമര്‍ശിച്ചത്. രക്തസാക്ഷിയുടെ ഭാര്യയോടുവരെ തെറ്റായ സമീപനം സ്വീകരിച്ചതിന്‍െറയും തെരഞ്ഞെടുപ്പില്‍ വര്‍ഗശത്രുകളെ സഹായിച്ചതിന്‍െറയും പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ മാലയിട്ട് സ്വീകരിച്ച കാനം, ഇടത് ഐക്യം ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
തൊഴിലാളി താല്‍പര്യങ്ങള്‍ക്കെതിരായി കരാര്‍ ഒപ്പുവെച്ചതിനാണ് വിമതരുടെ നേതാവായ ടി. രഘുവരനെതിരെ ആദ്യം നടപടി എടുത്തത്. രഘുവരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ചാനലുകളോട് പാര്‍ട്ടിക്കെതിരെ സംസാരിക്കാത്തതുകൊണ്ട് രക്തസാക്ഷി വിദ്യാധരന്‍െറ ഭാര്യയോട് ക്രൂരമായി പെരുമാറി. രക്തസാക്ഷി ദിനാചരണ യോഗത്തില്‍ വേദിയിലിരുത്തി അപമാനകരമായി പ്രസംഗിച്ചു. ഇത്തരക്കാരെ ഒപ്പം ചേര്‍ത്ത് കാനം ആരെയാണ് ശക്തിപ്പെടുത്തുന്നതെന്ന് കാലം തെളിയിക്കും. പാര്‍ട്ടി റിപ്പോര്‍ട്ടിങ് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് കൈയോടെ പിടികൂടിയപ്പോഴാണ് വി.ഒ. ജോണിനെ പുറത്താക്കിയത്. വര്‍ഗശത്രുക്കള്‍ക്ക് വിടുപണി ചെയ്യുന്നവരെ കൂടെക്കൂട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയുമെന്ന കാനത്തിന്‍െറ കണ്ടുപിടിത്തം അദ്ദേഹത്തെയും സി.പി.ഐയെയും രക്ഷപ്പെടുത്തുമെങ്കില്‍ നല്ലതാണെന്നും വാര്‍ത്താകുറിപ്പില്‍ സി.പി.എം പറയുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.