സീതായനം ആരംഭിക്കുന്നു

രാമന്‍െറ അയനം (മാര്‍ഗം) ആണ് രാമായണം. ഭൂമിയില്‍ അവതരിച്ച രാമന്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം സ്വര്‍ഗത്തിലേക്ക് അഥവാ വിഷ്ണുപദത്തിലേക്ക് മടങ്ങിപ്പോകുന്നു എന്നര്‍ഥം. എല്ലാ രാമായണകാവ്യങ്ങളും ഒരേപോലെ രാമപാദം നമിക്കുകയും രാമനാമം ജപിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിലെ ഭക്തിപ്രസ്ഥാനം.

ഭക്തിലഹരിയില്‍ ജനകോടികള്‍ മറന്നുപോകാറുള്ള കഥാപാത്രമാണ് സീത. ഭൂമിയെപ്പോലെ ക്ഷമാശീലയായ സീത വിവാഹാനന്തരം അന്തമറ്റ ത്യാഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയയാകുന്നു. സീത മഹാലക്ഷ്മിയുടെ അവതാരമാണെങ്കിലും വാല്മീകിയുടെ സീത മനുഷ്യകല്‍പനയാണ്. ഏത് പ്രതിസന്ധിയെയും മനോധൈര്യത്തോടെ നേരിട്ട് മിതഭാഷിത്വം കൊണ്ട് ഭാരതസ്ത്രീകളുടെ മുന്‍നിരയില്‍ അവള്‍ പ്രതിഷ്ഠ നേടിയിരിക്കുന്നു. പതിനാലു സംവത്സരം വനവാസം നടത്തണമെന്ന പിതാവിന്‍െറ നിശ്ചയം സീതയെ രാമന്‍ അറിയിക്കുന്ന സന്ദര്‍ഭത്തില്‍ ആ അര്‍ധാംഗിനിയുടെ ഇരുത്തംവന്ന വാക്കുകള്‍ ആരെയും ത്രസിപ്പിക്കും.

‘പത്നീധര്‍മം എന്താണെന്ന് എന്‍െറ അച്ഛനമ്മമാര്‍ ശാസ്ത്രോക്തമായിത്തന്നെ മനസ്സിലാക്കിത്തന്നിട്ടുണ്ട്. അതുകൊണ്ട് ആ വിഷയത്തില്‍ അവിടന്ന് എന്നെ ഉപദേശിക്കേണ്ടതില്ല. വനത്തിലേക്ക് ഞാന്‍ അങ്ങയെ അനുഗമിക്കുകതന്നെ ചെയ്യും. അങ്ങയുടെ വനവാസത്തിന് ഒരിക്കലും ഞാന്‍ തടസ്സമാകില്ല. ആര്യപുത്രനെ സ്പര്‍ശിക്കുകപോലും ചെയ്യാതെ അവിടത്തെ കാല്‍ക്കീഴില്‍ കിടന്നുഞാന്‍ ഉറങ്ങിക്കൊള്ളാം’.

എന്നാത്മനാഥന്‍ വനത്തിന്നു പോയാല്‍
പിന്നെ പുരീവാസമെന്തിന്നു വേണ്ടി?
കാടിന്‍െറ ഭീകരത ചൂണ്ടിക്കാട്ടി രാമന്‍ സീതയെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചെങ്കിലും അതിലൊന്നും അവര്‍ ചഞ്ചലയായില്ല. രാമന്‍െറ ഉള്ളുതുറന്ന് കുത്തി നോവിക്കാന്‍ മടികാട്ടാത്ത ഒരു വീര സ്ത്രീത്വത്തെയാണ് നാം പിന്നെ കാണുന്നത്:
‘പരപുരുഷചിന്ത മനസ്സിലേശാത്ത പതിവ്രതയായ എന്നെ പരഹസ്തത്തില്‍ സമര്‍പ്പിക്കാനാണോ അങ്ങയുടെ ഭാവം?
ശ്രീരാമന് ആണിന്‍െറ ആകൃതിയേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതി പെണ്ണിന്‍േറതാണെന്ന് അറിഞ്ഞാല്‍ എന്‍െറ അച്ഛന്‍െറ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ചുനോക്കൂ.’

ഉചിതമായ വാക്കുകള്‍കൊണ്ട് രാമനെ വശംവദനാക്കുന്നതില്‍ സീതനേടിയ വിജയം സീതായനത്തിന്‍െറ വിജയപതാക പാറിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.