തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അമിത ആഹ്ലാദപ്രകടനം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി കെ.പി.സി.സി. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും ഹൈക്കോടതി നടപടിയിലും പ്രതികരണങ്ങൾ വേണ്ടെന്ന് തന്നെയാണ് കെ.പി.സി.സി നിർദേശം.
രാഹുലിനെ അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി നിർദേശം വന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് കെ.പി.സി.സി നിർദേശം നൽകിയത്. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. 15 ന് മുൻകൂർജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
അതേസമയം, തനിക്കെതിരായ രണ്ടാമത്തെ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെ.പി.സി.സി പ്രസിഡന്റിന് വന്ന ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ബലാത്സംഗ കേസിലെ ആദ്യ പരാതിയിൽ അറസ്റ്റ് ഹൈകോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ഹരജി ഇന്ന് തന്നെ പരിഗണിക്കും.
ബംഗളുരു സ്വദേശിനിയായ 23കാരിയുടേതാണ് രണ്ടാമത്തെ പരാതി. പരാതിക്കാരി ആരെന്ന് പോലും പറയുന്നില്ലെന്നാണ് ഹർജിയിലെ വാദം. രണ്ടാമത്തെ കേസിൽ അറസ്റ്റിനു തടസമില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിനാലാണ് മുൻകൂർ ജാമ്യഹരജി നൽകിയിട്ടുള്ളത്.
ആദ്യപരാതിയിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ. ബാബു ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ് ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. ഡിസംബർ നാലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മാങ്കൂട്ടത്തിൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.