കോട്ടയം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വീടിന് മുന്നിൽ രണ്ടുപേർ എത്തി വധഭീഷണി മുഴക്കിയെന്നതടക്കം നടി റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പൊലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. സർക്കാരിനോ പൊലീസിനോ പരാതി നൽകാതെ റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണം ഉന്നയിക്കുകയും അത് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു.
എന്നാൽ ആരോപണങ്ങൾ അന്വേഷിച്ച് നടപടി എടുക്കാൻ സഹായിക്കുന്ന മൊഴികളോ തെളിവുകളോ പരാതിയോ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല എന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങന്റെ വാദം.
പൊലീസിൽ പരാതിയോ മൊഴിയോ നൽകാതെ ആരോപണം ഉന്നയിച്ച് അതിന് വ്യാപക പ്രചാരണം നൽകുന്ന നടപടി വ്യക്തിഹത്യയുടെ ഭാഗമായി മാത്രമേ നിയമപരമായി കാണാൻ കഴിയൂ. പ്രചാരണ വിഷയങ്ങളാക്കുന്ന ആരോപണങ്ങൾ നിയമപരമല്ലെങ്കിൽ കുറ്റകരവുമാണ്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വധഭീഷണി ഉണ്ടെന്നതടക്കം റിനിയുടെ ആരോപണങ്ങളിലെ സത്യാവസ്ഥ പൊലീസിനെ കൊണ്ട് പരിശോധിച്ച് തുടർ നടപടി വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ആദ്യം ആരോപണവുമായി മുന്നോട്ടു വന്നത് റിനി ആൻ ജോർജ് ആയിരുന്നു. എന്നാൽ പോലീസിൽ പരാതി നൽകാൻ ഇതുവരെ നടി തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.