സർക്കാർ അഭിഭാഷകൻ യുവതിയെ കടന്നുപിടിച്ചുവെന്ന് ദൃക്സാക്ഷി

കൊച്ചി: സർക്കാർ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷി മൊഴി. എം.ജി റോഡിൽ ഹോട്ടൽ നടത്തുന്ന ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘത്തിനാണ് ഷാജി മൊഴി നല്‍കിയത്.  ഈ കേസുമായി ബന്ധപ്പെട്ട് വാർത്ത നൽകിയതാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷത്തിന് വഴിവെച്ചത്.

കോടതിക്കുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച അഭിഭാഷകസംഘം പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തെയും കടന്നാക്രമിച്ചു. കെ.യു.ഡബ്ള്യു.ജെ നേതൃത്വത്തില്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയായിരുന്നു ആക്രമണം. കേസ് സ്റ്റേ ചെയ്യണമെന്ന പ്രതിയും സർക്കാർ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്‍റെ ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

ജൂലൈ 14ന് രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടിൽ ലെയിനിൽവെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ കയറിപ്പിടിച്ചുവെന്നാണ് കേസ്. തുടർന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവരപ്രകാരം രാത്രി കാനൻഷെഡ് റോഡിൽവെച്ചു ദനേഷ് പിടിയിലായി. ആളുമാറിയാണ് പരാതി നൽകിയതെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

ആരോപണത്തിനെതിരെ രംഗത്തെത്തിയ കൊച്ചി സിറ്റി പൊലീസ്, യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഓട്ടോറിക്ഷക്കാരുമാണ് ധനേഷിനെ തടഞ്ഞു നിർത്തിയതെന്ന് അറിയിച്ചു. യുവതി പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്ന് ധനേഷിനെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് കേസെടുത്തത്. സർക്കാർ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജില്ലാ പോലീസ് മേധാവി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഒത്തുതീർപ്പിന്‍റെ ഭാഗമായി ഇംഗ്ലീഷിൽ തയാറാക്കിയ പേപ്പറിൽ പരാതിക്കാരിയെ കൊണ്ട് നിർബന്ധിച്ച് ഒപ്പിടുവിപ്പിച്ചെന്നും കോടതിയിൽ നൽകാനുള്ള സത്യവാങ്മൂലത്തിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം. ഈ സാഹചര്യത്തിൽ യുവതിയുടെ രഹസ്യമൊഴി കൊച്ചി മജിസ്ട്രേട്ട് രഹ്ന രാജീവ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ധനേഷ് മാത്യുവിന്‍റെ പിതാവ് എഴുതി തയാറാക്കി ഒപ്പിട്ട് നൽകിയ കത്ത് മാധ്യമങ്ങളിൽ പ്രചരിച്ചു. പിതാവ് മുദ്രപത്രത്തിൽ എഴുതിയ കത്തിൽ ധനേഷിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.